കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽ വിപണിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ശ്രദ്ധേയമായ മാറ്റങ്ങൾ രേഖപ്പെടുത്തി. 2025 ജൂൺ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ വ്യാപാര മേഖലയിൽ മാത്രം 43,100 തൊഴിലാളികളുടെ വർധനയുണ്ടായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, ഹോട്ടൽ, ഭക്ഷ്യസേവന മേഖലയിൽ ഏകദേശം 61,000 തൊഴിലാളികളുടെ കുറവാണ് രേഖപ്പെടുത്തിയത്.
വ്യാപാര മേഖലയിലെ തൊഴിലാളികളുടെ എണ്ണം 3,39,600ൽ നിന്ന് 3,82,700 ആയി ഉയർന്നു. 12.7 ശതമാനമാണ് വർധന. ഗതാഗതം, സംഭരണം എന്നീ മേഖലകളിൽ 18,300 തൊഴിലാളികൾ കൂടി എത്തിയതോടെ ആകെ തൊഴിലാളികളുടെ എണ്ണം 1,30,800 ആയി. ഈ മേഖലയിൽ 16.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട് സർവീസ് മേഖലയിൽ 10,800 തൊഴിലാളികളുടെ വർധനയുണ്ടായി. നിർമാണ മേഖലയിൽ 7,800 പേരും മറ്റ് സേവന മേഖലകളിൽ 6,400 പേരും അധികമായി തൊഴിൽ വിപണിയിലെത്തി. ഉൽപ്പാദന മേഖലയിൽ 3,400 പേരുടെയും പ്രൊഫഷണൽ, ശാസ്ത്ര, സാങ്കേതിക മേഖലകളിൽ 3,300 പേരുടെയും വർധന രേഖപ്പെടുത്തി.
അതേസമയം, ഹോട്ടൽ, ഭക്ഷ്യസേവന മേഖലയിലാണ് ഏറ്റവും വലിയ തൊഴിൽ ഇടിവുണ്ടായത്. ഈ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 2,67,300ൽ നിന്ന് 2,06,300 ആയി കുറഞ്ഞു. 22.8 ശതമാനത്തിന്റെ ഇടിവാണിത്. കാർഷിക, വനവൽക്കരണ, മത്സ്യബന്ധന മേഖലകളിലും ഏകദേശം 8,500 തൊഴിലാളികളുടെ കുറവുണ്ടായി.രാജ്യത്തെ സ്വകാര്യ മേഖലയിലെ ആകെ തൊഴിലാളികളുടെ എണ്ണം ഒരു വർഷത്തിനിടെ 29,300 വർധിച്ച് 17.8 ലക്ഷത്തിലെത്തി. 2025 ജൂണിൽ ഇത് ഏകദേശം 17.5 ലക്ഷമായിരുന്നു.തൊഴിൽ വിപണിയിലെ 22 സാമ്പത്തിക പ്രവർത്തന മേഖലകളിൽ 12 എണ്ണത്തിൽ തൊഴിലാളികളുടെ എണ്ണം വർധിച്ചപ്പോൾ പത്ത് മേഖലകളിൽ കുറവ് രേഖപ്പെടുത്തി. വളർച്ച രേഖപ്പെടുത്തിയ 12 മേഖലകളിലായി 1,05,100 തൊഴിലാളികളുടെ വർധനയുണ്ടായി.
സർക്കാർ മേഖലയിലും ഏകദേശം 4,200 തൊഴിലാളികളുടെ വർധന രേഖപ്പെടുത്തി. ആരോഗ്യ, സാമൂഹിക സേവന മേഖലയിൽ 4,400 പേർ അധികമായി എത്തിയപ്പോൾ സർക്കാർ വിദ്യാഭ്യാസ മേഖലയിൽ ഏകദേശം 4,300 തൊഴിലാളികളുടെ കുറവുണ്ടായി.ഗാർഹിക തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 7,57,100ൽ നിന്ന് 7,81,800 ആയി ഉയർന്നു. ഏകദേശം 24,800 പേരുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഈ മേഖലയിലെ വനിതാ തൊഴിലാളികളുടെ എണ്ണം 25,500 വർധിച്ച് 4,49,200 ആയി.
അതേസമയം പുരുഷ തൊഴിലാളികളുടെ എണ്ണം 700 കുറഞ്ഞു.2026 ജൂണിലെ കണക്കനുസരിച്ച് ഗാർഹിക തൊഴിൽ മേഖലയിലെ 57.5 ശതമാനം പേരും വനിതകളാണ്. പുരുഷന്മാരുടെ വിഹിതം 42.5 ശതമാനമാണ്.വ്യാപാരം, ഗതാഗതം, നിർമാണം തുടങ്ങിയ മേഖലകളിൽ തൊഴിൽ അവസരങ്ങൾ വർധിക്കുമ്പോൾ ഹോട്ടൽ, ഭക്ഷ്യസേവന മേഖലകളിൽ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയുന്നതാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.



