കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ച് സൈനികരുടെ പ്രവർത്തനങ്ങളും സജ്ജതയും വിലയിരുത്തി പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അൽ സബാഹ്. ബുധനാഴ്ച നടത്തിയ പരിശോധനാ സന്ദർശനത്തിൽ സൈനിക കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളും ഉദ്യോഗസ്ഥരുടെ ചുമതലകളും തയ്യാറെടുപ്പുകളും മന്ത്രി നേരിട്ട് വിലയിരുത്തി.
വിവിധ സൈനിക കേന്ദ്രങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങൾ, സൈനികർക്ക് നൽകിയിട്ടുള്ള ചുമതലകൾ, അവ നിർവഹിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മന്ത്രിക്ക് വിശദീകരണം നൽകി.രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കുവൈത്ത് സൈനികർ നടത്തുന്ന പ്രവർത്തനങ്ങളെ പ്രതിരോധ മന്ത്രി അഭിനന്ദിച്ചു. സൈനിക ചുമതലകൾ നിർവഹിക്കുന്നതിൽ ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്ന ആത്മാർഥത, അർപ്പണബോധം, ഉത്തരവാദിത്തബോധം എന്നിവയെ അദ്ദേഹം പ്രശംസിച്ചു.
വിവിധ സൈനിക കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിക്കുന്നതിന്റെയും സൈനികരുടെ സജ്ജത ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് പ്രതിരോധ മന്ത്രിയുടെ സന്ദർശനമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.സൈനിക വിഭാഗങ്ങളുടെ പ്രവർത്തനക്ഷമതയും തയ്യാറെടുപ്പുകളും നേരിട്ട് വിലയിരുത്തുന്നതിനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ തുടർച്ചയായ നടപടികളുടെ ഭാഗമാണ് സന്ദർശനം.



