കുവൈത്ത്സിറ്റി: കുവൈത്തിലെ കബ്ദ്, അൽ സൂർ ഷാലെ മേഖലകളിൽ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ബഗ്ഗികളും മോട്ടോർ സൈക്കിളുകളും ഓടിച്ചവർക്കെതിരെ ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ ഏഴുപേർ പിടിയിലായി. പത്ത് വാഹനങ്ങൾ പിടിച്ചെടുത്ത അധികൃതർ ഇവ ക്രഷറിലേക്ക് അയച്ചു.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള സുരക്ഷാ നിയന്ത്രണ വിഭാഗമാണ് ഇരു മേഖലകളിലും പരിശോധന നടത്തിയത്. പതിവ് പട്രോളിങ്ങിനിടെ ബഗ്ഗികൾക്ക് അനുമതിയില്ലാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി.പിടിയിലായ ഏഴുപേരിൽ അഞ്ചുപേരെ സെൻട്രൽ ജയിലിലേക്കും പ്രായപൂർത്തിയാകാത്ത രണ്ടുപേരെ ജുവനൈൽ പ്രൊട്ടക്ഷൻ വിഭാഗത്തിലേക്കും കൈമാറി.പരിശോധനയ്ക്കിടെ വാഹനങ്ങൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട മൂന്നുപേർക്കെതിരെ നേരിട്ടല്ലാത്ത രീതിയിൽ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെട്ടവരെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി അന്വേഷണം തുടരുകയാണ്.
നിയമലംഘനങ്ങളിൽ ഉൾപ്പെട്ട ബഗ്ഗികൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനായി ക്രഷറിലേക്ക് അയച്ചതായും അധികൃതർ അറിയിച്ചു.പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടകരമായ വാഹന ഉപയോഗം തടയുന്നതിനുമായി ട്രാഫിക് പരിശോധനകൾ ശക്തമായി തുടരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.



