HomeGULFമേഖലയിൽ സുരക്ഷാ ഭീഷണി; കുവൈത്തിലെ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി യുഎസ് എംബസി

മേഖലയിൽ സുരക്ഷാ ഭീഷണി; കുവൈത്തിലെ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി യുഎസ് എംബസി

spot_img

കുവൈത്ത് സിറ്റി, നവംബർ 19: പശ്ചിമേഷ്യയിൽ സുരക്ഷാ ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ കുവൈത്തിലുള്ള അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎസ് എംബസി മുന്നറിയിപ്പ് നൽകി. ഇറാൻ പിന്തുണയുള്ള ഹൂതി വിഭാഗത്തിന്റെ ആക്രമണ ഭീഷണിയും മേഖലയിലെ അമേരിക്കൻ ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള നീക്കങ്ങളും കണക്കിലെടുത്താണ് സുരക്ഷാ നിർദേശം പുറപ്പെടുവിച്ചത്.

കുവൈത്തിലും ബഹ്റൈനിലുമുള്ള അമേരിക്കൻ കേന്ദ്രങ്ങൾക്കെതിരെ ഇറാൻ ആക്രമണങ്ങൾ നടത്തിയതായും സൗദി അറേബ്യയിലെ വിമാനത്താവളങ്ങളും മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ഹൂതി വിഭാഗം ആക്രമണങ്ങൾ നടത്തിയതായും എംബസിയുടെ മുന്നറിയിപ്പിൽ പറയുന്നു. നിലവിലെ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നും എംബസി ചൂണ്ടിക്കാട്ടി.

സുരക്ഷാ സാഹചര്യം വഷളായാൽ വിമാന സർവീസുകൾ റദ്ദാക്കുന്നതിനും വ്യോമപാതകൾ താൽക്കാലികമായി അടയ്ക്കുന്നതിനും യാത്രകൾ തടസ്സപ്പെടുന്നതിനും സാധ്യതയുണ്ട്. അതിനാൽ പശ്ചിമേഷ്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാർ വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും ഔദ്യോഗിക അറിയിപ്പുകൾ നിരന്തരം പരിശോധിക്കണമെന്ന് നിർദേശിച്ചു.അമേരിക്കൻ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, മറ്റ് അമേരിക്കൻ താൽപര്യങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ എന്നിവയ്ക്കുനേരെയും ആക്രമണ ഭീഷണിയുണ്ടാകാമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.ജനക്കൂട്ടങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ, സുരക്ഷാ സേനയുടെ ശക്തമായ സാന്നിധ്യമുള്ള പ്രദേശങ്ങൾ എന്നിവ ഒഴിവാക്കണമെന്നും പ്രാദേശിക അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.

വ്യോമാക്രമണമുണ്ടായാൽ ജനലുകൾക്കും ഗ്ലാസ് വാതിലുകൾക്കും സമീപത്തുനിന്ന് മാറിനിൽക്കണം. നിലത്തുവീണ അവശിഷ്ടങ്ങൾക്ക് സമീപം പോകരുത്. മൊബൈൽ ഫോണുകൾ ചാർജ് ചെയ്തുവയ്ക്കാനും യാത്രാരേഖകൾ കാലാവധിയുള്ളതാണെന്ന് ഉറപ്പാക്കാനും കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടാനും നിർദേശിച്ചിട്ടുണ്ട്.അടിയന്തര സുരക്ഷാ അറിയിപ്പുകൾ ലഭിക്കുന്നതിനായി അമേരിക്കൻ പൗരന്മാർ സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ (STEP) രജിസ്റ്റർ ചെയ്യണമെന്നും എംബസി അറിയിച്ചു.

കുവൈത്തിൽ പോലീസ്, ആംബുലൻസ്, അഗ്നിരക്ഷാ സേവനങ്ങൾക്കുള്ള അടിയന്തര നമ്പർ 112 ആണ്.അതേസമയം, ഇത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അമേരിക്കൻ പൗരന്മാർക്ക് നൽകിയ മുന്നറിയിപ്പാണ്. കുവൈത്തിൽ പുതിയ ആക്രമണം ഉടൻ ഉണ്ടാകുമെന്ന സ്ഥിരീകരണമായി ഇതിനെ കാണേണ്ടതില്ല.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!