HomeGULFരാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ സുരക്ഷിതമായ രാജ്യങ്ങളിൽ കുവൈറ്റ് മുന്നിൽ ; 93 ശതമാനം പേർക്ക് സുരക്ഷിതത്വബോധം

രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ സുരക്ഷിതമായ രാജ്യങ്ങളിൽ കുവൈറ്റ് മുന്നിൽ ; 93 ശതമാനം പേർക്ക് സുരക്ഷിതത്വബോധം

spot_img

കുവൈത്ത് സിറ്റി, നവംബർ 20: രാത്രിയിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ സുരക്ഷിതത്വം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ ആഗോള പട്ടികയിൽ കുവൈത്തിന് അഞ്ചാം സ്ഥാനം. പ്രമുഖ അന്താരാഷ്ട്ര സർവേ സ്ഥാപനമായ ഗാലപ്പ് പുറത്തിറക്കിയ ‘ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ട് 2026’ പ്രകാരം കുവൈത്തിലെ 93 ശതമാനം പേരും രാത്രിയിൽ തനിച്ച് നടക്കുമ്പോൾ സുരക്ഷിതരാണെന്ന് അഭിപ്രായപ്പെട്ടു.

ലോകത്തെ 140 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഗാലപ്പിന്റെ നിയമസമാധാന സൂചികയിലും കുവൈത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. 100ൽ 92 പോയിന്റ് നേടിയ കുവൈത്ത് ഈ വിഭാഗത്തിലും ലോകത്തെ ആദ്യ പത്ത് രാജ്യങ്ങളിൽ ഇടംപിടിച്ചു.

രാത്രികാല സുരക്ഷിതത്വബോധത്തിൽ 96 ശതമാനവുമായി യുഎഇയാണ് ഒന്നാം സ്ഥാനത്ത്. സിംഗപ്പൂരും 96 ശതമാനം രേഖപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. സൗദി അറേബ്യ 95 ശതമാനവുമായി മൂന്നാം സ്ഥാനത്തും താജിക്കിസ്ഥാൻ 93 ശതമാനവുമായി നാലാം സ്ഥാനത്തുമാണ്. കുവൈത്തിന് പിന്നാലെ 92 ശതമാനവുമായി ബഹ്റൈൻ ആറാം സ്ഥാനത്തെത്തി.ഗൾഫ് രാജ്യങ്ങളുടെ സുരക്ഷാ നിലവാരം ശ്രദ്ധേയമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. രാത്രിയിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ സുരക്ഷിതത്വം അനുഭവപ്പെടുന്ന ലോകത്തെ ആദ്യ പത്ത് രാജ്യങ്ങളിൽ യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ എന്നീ നാല് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.

നിയമസമാധാന സൂചികയിൽ യുഎഇ 95 പോയിന്റും ബഹ്റൈൻ 93 പോയിന്റും നേടിയപ്പോൾ കുവൈത്തും സൗദി അറേബ്യയും 92 പോയിന്റ് വീതം നേടി. പ്രാദേശിക പോലീസിലുള്ള വിശ്വാസം, രാത്രിയിൽ ഒറ്റയ്ക്ക് നടക്കുമ്പോഴുള്ള സുരക്ഷിതത്വബോധം, മോഷണം, ആക്രമണം എന്നിവ നേരിടേണ്ടിവന്നിട്ടുണ്ടോ തുടങ്ങിയ ഘടകങ്ങളാണ് ഈ സൂചികയിൽ പരിഗണിക്കുന്നത്.2025ൽ നടത്തിയ ഗാലപ്പ് വേൾഡ് പോൾ സർവേയിൽ 15 വയസ്സും അതിൽ കൂടുതലുമുള്ള 1,43,620 പേരാണ് പങ്കെടുത്തത്. 2026ൽ നടത്തിയ അധിക സർവേകളുടെ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പശ്ചിമേഷ്യയിൽ സുരക്ഷാ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾ ഉയർന്ന സുരക്ഷിതത്വബോധം പ്രകടിപ്പിക്കുന്നതായി ഗാലപ്പ് ചൂണ്ടിക്കാട്ടി.അതേസമയം, ഈ റാങ്കിങ് യഥാർത്ഥ കുറ്റകൃത്യങ്ങളുടെ നിരക്കിനെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആളുകൾക്ക് അനുഭവപ്പെടുന്ന വ്യക്തിഗത സുരക്ഷിതത്വബോധത്തെയാണ് പ്രധാനമായും പ്രതിഫലിപ്പിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!