കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റിന്റെ നേതൃത്വത്തിലുള്ള കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ ഒൻപതാമത് സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടക സമിതി രൂപീകരിച്ചു. അബ്ബാസിയ കല സെന്ററിൽ നടന്ന യോഗത്തിൽ 41 അംഗ സ്വാഗതസംഘം എക്സിക്യൂട്ടീവ് കമ്മിറ്റിയെയും വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു.കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് ഫെസ്റ്റിവലിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ഫെസ്റ്റിവലിന്റെ ലക്ഷ്യത്തെ സംബന്ധിച്ചും വിശദീകരിച്ചു. കല കുവൈറ്റ് കലാ വിഭാഗം സെക്രട്ടറി പ്രസീത് കരുണാകരനും യോഗത്തിൽ സംസാരിച്ചു.
രഞ്ജിത്ത് ടി.എം ജനറൽ കൺവീനറായുള്ള സംഘാടക സമിതിയിൽ ജെബിൻ എബ്രഹാം (രജിസ്ട്രേഷൻ), അനുപമ (റിസപ്‌ഷൻ), രാജീവ് ടി.എൽ (വളണ്ടിയർ), അനിൽ സ്മൃതി (സ്റ്റേജ്), തസ്‌നീം മന്നിയിൽ (പബ്ലിസിറ്റി), ബിജീഷ് (ട്രോഫി & സ്റ്റേഷനറി), ശ്രീരാജ് (ഫിനാൻസ്), ബിജു ടി.ടി (ഫുഡ്) എന്നിവർ വിവിധ സബ് കമ്മിറ്റികളുടെ ചുമതലക്കാരായി തിരഞ്ഞെടുക്കപ്പെട്ടു.കല ഫിലിം സൊസൈറ്റി കൺവീനർ പ്രജോഷ് സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ രഞ്ജിത്ത് ടി.എം നന്ദിയും പറഞ്ഞു.2027 ജനുവരി 15ന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് ‘ചെറിയ ചലച്ചിത്രങ്ങളുടെ വലിയ ഉത്സവം’ – മൈക്രോ ഫിലിം ഫെസ്റ്റിവൽ അരങ്ങേറുന്നത്.
അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള ഇന്ത്യൻ ഭാഷകളിൽ തയ്യാറാക്കിയ ചിത്രങ്ങളാണ് മത്സരത്തിൽ പരിഗണിക്കുക. മലയാളം ഒഴികെയുള്ള ഭാഷകളിലുള്ള ചിത്രങ്ങൾക്ക് ഇംഗ്ലീഷ് സബ്ടൈറ്റിൽ നിർബന്ധമാണ്.മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഡിസംബർ 10ന് മുമ്പായി www.kalakuwait.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം. മത്സരത്തിനുള്ള ചിത്രങ്ങൾ 2027 ജനുവരി ഒന്നിന് മുമ്പായി സംഘാടക സമിതിക്ക് കൈമാറേണ്ടതാണ്. പൂർണമായും കുവൈറ്റിൽ ചിത്രീകരിച്ച ചിത്രങ്ങൾ മാത്രമേ മത്സരത്തിന് പരിഗണിക്കൂ.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക:
* രജിസ്ട്രേഷൻ: 51358822* അബ്ബാസിയ: 99672441* സാൽമിയ: 97480677* അബുഹലീഫ: 98732369* ഫഹാഹീൽ: 50799885



