കുവൈത്ത് സിറ്റി, നവംബർ 20: കുവൈത്തിലെ അൽ സാൽമി മരുഭൂമിയിൽ ഇറാഖ് അധിനിവേശകാലത്ത് സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് ബംഗ്ലാദേശ് സ്വദേശിയായ ആട്ടിടയൻ മരിച്ചു. സമീപത്തുണ്ടായിരുന്ന ഒട്ടകത്തിനും സ്ഫോടനത്തിൽ പരിക്കേറ്റു. 1990ലെ ഇറാഖ് അധിനിവേശം കഴിഞ്ഞ് 36 വർഷം പിന്നിടുമ്പോഴും യുദ്ധത്തിന്റെ അവശിഷ്ടങ്ങൾ മനുഷ്യജീവന് ഭീഷണിയായി തുടരുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് സംഭവം.
അൽ സാൽമി മരുഭൂമിയിൽ സ്ഫോടനം ഉണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങളും സ്ഥലത്തെത്തി.1998ൽ ജനിച്ച ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ആടുകളെ മേയ്ക്കുന്നതിനിടെ അബദ്ധത്തിൽ കുഴിബോംബിൽ ചവിട്ടിയതിനെ തുടർന്നാണ് സ്ഫോടനമുണ്ടായത്. വ്യക്തികൾ ചവിട്ടുമ്പോൾ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള കുഴിബോംബാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായി.സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഒട്ടകത്തിനും പരിക്കേറ്റു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ സ്ഥലത്തെത്തി മൃതദേഹം നീക്കം ചെയ്യാൻ നിർദേശം നൽകി. തുടർന്ന് സൈന്യത്തിന്റെ ബോംബ് നിർവീര്യമാക്കൽ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.സമീപപ്രദേശങ്ങളിൽ കൂടുതൽ കുഴിബോംബുകളോ മറ്റ് സ്ഫോടകവസ്തുക്കളോ അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി വിശദമായ പരിശോധനയും നടത്തി. ക്രിമിനൽ എവിഡൻസ് വിഭാഗം, ഫോറൻസിക് മെഡിസിൻ വിഭാഗം, ക്രൈം സീൻ യൂണിറ്റിലെ അഗ്നിബാധ-സ്ഫോടകവസ്തു വിഭാഗം എന്നിവയും അന്വേഷണത്തിൽ പങ്കെടുത്തു.
സംഭവത്തിൽ ഔദ്യോഗിക കേസ് രജിസ്റ്റർ ചെയ്തതായും തുടർനടപടികൾക്കായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.1990ലെ ഇറാഖ് അധിനിവേശകാലത്ത് കുവൈത്തിലെ വിവിധ മരുഭൂമി പ്രദേശങ്ങളിൽ വൻതോതിൽ കുഴിബോംബുകൾ സ്ഥാപിച്ചിരുന്നു. യുദ്ധാനന്തരം വ്യാപകമായ ബോംബ് നീക്കംചെയ്യൽ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ചില പ്രദേശങ്ങളിൽ ഇപ്പോഴും പൊട്ടിത്തെറിക്കാത്ത സ്ഫോടകവസ്തുക്കൾ അവശേഷിക്കുന്നുണ്ട്.
മരുഭൂമിയിൽ ജോലി ചെയ്യുന്ന ആട്ടിടയന്മാർക്കും ക്യാമ്പിങ്ങിനും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്നവർക്കും ഇത്തരം സ്ഫോടകവസ്തുക്കൾ ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നത് വീണ്ടും ഓർമിപ്പിക്കുന്നതാണ് അൽ സാൽമിയിലെ ദാരുണ സംഭവം.



