കുവൈത്ത്സിറ്റി: ഡെലിവറി കമ്പനിയുടെ 1,900 കുവൈത്ത് ദിനാർ കൈമാറാതെ രാജ്യം വിട്ട ഈജിപ്ഷ്യൻ ജീവനക്കാരനെതിരെ കുവൈത്ത് പൊലീസ് കേസെടുത്തു. ഇയാൾ കുവൈത്തിലേക്ക് തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യുന്നതിനായി സുരക്ഷാ അധികൃതർ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജോലിയുടെ ഭാഗമായി കമ്പനിക്കുവേണ്ടി സ്വീകരിച്ച 1,900 ദിനാർ ജീവനക്കാരൻ കമ്പനിക്ക് കൈമാറിയില്ലെന്നാണ് പരാതി. ഇതുസംബന്ധിച്ച് കമ്പനിയുടെ നിയമപ്രതിനിധി ഫഹാഹീൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.പണം തിരിച്ചുപിടിക്കുന്നതിനായി കമ്പനി അധികൃതർ ജീവനക്കാരനെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുവൈത്ത് വിട്ടതായി കണ്ടെത്തിയത്.
സംഭവത്തിൽ വിശ്വാസവഞ്ചനയ്ക്ക് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തുടർ അന്വേഷണത്തിനും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി.ജീവനക്കാരന്റെ പേര് അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കുവൈത്തിലേക്ക് വീണ്ടും പ്രവേശിച്ചാൽ ഇയാളെ പിടികൂടുമെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.



