കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഇറാൻ ആവർത്തിച്ച് നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത് മന്ത്രിസഭ. ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും മന്ത്രിസഭ വ്യക്തമാക്കി.
പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇറാനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയത്.ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ 51-ാം വകുപ്പ് പ്രകാരവും അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചും രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, ഭൂപ്രദേശം, സുപ്രധാന സ്ഥാപനങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കുവൈത്തിന് പൂർണ അവകാശമുണ്ടെന്ന് മന്ത്രിസഭ ആവർത്തിച്ചു വ്യക്തമാക്കി.
ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും യുഎൻ സുരക്ഷാ കൗൺസിലിന്റെ 2817-ാം നമ്പർ പ്രമേയത്തിന്റെയും ഗുരുതരമായ ലംഘനമാണെന്നും മന്ത്രിസഭ ചൂണ്ടിക്കാട്ടി.ഇത്തരം ആക്രമണങ്ങൾ മേഖലയിലെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണി ഉയർത്തുന്നതോടൊപ്പം സംഘർഷം ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതായും മന്ത്രിസഭ വിലയിരുത്തി.
അതേസമയം, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹുമായി ഫലസ്തീൻ വൈസ് പ്രസിഡന്റ് ഹുസൈൻ അൽ ശൈഖ് നടത്തിയ ടെലിഫോൺ സംഭാഷണവും മന്ത്രിസഭ വിലയിരുത്തി. ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച ഫലസ്തീൻ വൈസ് പ്രസിഡന്റ് കുവൈത്തിന് പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള നിലപാടിൽ കുവൈത്ത് ഉറച്ചുനിൽക്കുന്നതായും വ്യക്തമാക്കി.



