കുവൈത്ത് സിറ്റി: രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികൾക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ചാലറ്റുകളിൽ ജോലിയോ താമസസൗകര്യമോ നൽകരുതെന്ന് കുവൈത്ത് ധനകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഏത് തസ്തികയിലോ പദവിയിലോ ആയാലും നിയമലംഘകരെ ജോലിക്ക് നിയോഗിക്കുന്നതിനും താമസിപ്പിക്കുന്നതിനും വിലക്കുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യ ഉപയോഗത്തിനായി അനുവദിച്ചിട്ടുള്ള സർക്കാർ അധീനതയിലുള്ള സ്ഥലങ്ങൾ നിർദ്ദിഷ്ട ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് ചാലറ്റുകളിൽ വ്യാപക പരിശോധന നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.പരിശോധനയിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.
ചാലറ്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ താമസ, തൊഴിൽ രേഖകളുടെ നിയമസാധുത ഉറപ്പുവരുത്തണമെന്നും പരിശോധനാ സംഘങ്ങളുമായി പൂർണമായി സഹകരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.സർക്കാർ സ്വത്തുക്കളുടെ ദുരുപയോഗം തടയുന്നതിനും പൊതുതാൽപര്യം സംരക്ഷിക്കുന്നതിനുമായി പരിശോധനകൾ തുടരുമെന്നും നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.



