കുവൈറ്റ് സിറ്റി: പ്രാദേശിക ടെലിഫോൺ നമ്പറുകൾ ഉപയോഗിച്ച് വ്യാജ പരസ്യങ്ങളിലൂടെയും ഫോൺ കോളുകളിലൂടെയും ഗൾഫ് രാജ്യങ്ങളിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്ന അന്താരാഷ്ട്ര സംഘത്തിലെ കണ്ണി കുവൈറ്റിൽ പിടിയിലായി. കുവൈറ്റിന് പുറത്തുനിന്ന് പ്രവർത്തിക്കുന്ന സംഘടിത കുറ്റവാളി ശൃംഖലയുടെ ഭാഗമായ പ്രതിയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പിടികൂടിയത്.
ഒരേസമയം നിരവധി സിം കാർഡുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. വിശ്വസ്തരായ പ്രാദേശിക സ്ഥാപനങ്ങളിൽ നിന്നാണ് വിളിക്കുന്നതെന്ന് ഇരകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഫോൺ കോളുകളും സന്ദേശങ്ങളും അയച്ചാണ് ഇവർ പണം തട്ടിയിരുന്നത്. യു.എ.ഇയിലെ സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ, തട്ടിപ്പിനായി തയ്യാറാക്കിയ സിം കാർഡുകൾ അടങ്ങിയ ഒരു പാഴ്സൽ കുവൈറ്റിലേക്ക് എത്തുന്നതായി അധികൃതർ കണ്ടെത്തി. തുടർന്ന് പാഴ്സൽ നിരീക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥർ അത് കൈപ്പറ്റിയ ഉടൻ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയിൽ നിന്ന് താഴെ പറയുന്ന വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു:ഒരേസമയം ഒന്നിലധികം സിം കാർഡുകൾ പ്രവർത്തിപ്പിക്കാനും നിയന്ത്രിക്കാനും ഉപയോഗിക്കുന്ന രണ്ട് ഉപകരണങ്ങൾ.പ്രാദേശിക ടെലികോം കമ്പനികളുടെ 70 സിം കാർഡുകൾ.
യു.എ.ഇ ടെലികോം കമ്പനികളുടെ അഞ്ച് സിം കാർഡുകൾ.അതേസമയം, സമാനമായ രീതിയിലുള്ള തട്ടിപ്പുകളെക്കുറിച്ച് ഈ വർഷം മാത്രം ‘അമാൻ’ ഓപ്പറേഷൻസ് റൂമിൽ 3,394 പരാതികൾ ലഭിച്ചതായും ഇതിലൂടെ ഏകദേശം 20 ലക്ഷം കുവൈറ്റ് ദിനാർ നഷ്ടമായതായും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഇതിൽ 682 പരാതികളിലായി 1,70,000 ദിനാർ തിരിച്ചുപിടിക്കാൻ സാധിച്ചു. പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ 2,712 പരാതികളിലായി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് 18.3 ലക്ഷം ദിനാർ പിടിച്ചെടുത്തിട്ടുമുണ്ട്.
സഹോദര രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് ഇത്തരം കുറ്റവാളി സംഘങ്ങളെ വേട്ടയാടുന്നത് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് മുൻപ് പരസ്യങ്ങളുടെ ഉറവിടം പരിശോധിക്കണമെന്നും വിളിക്കുന്ന വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ആധികാരികത ഉറപ്പുവരുത്തണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.



