കുവൈത്ത് സിറ്റി: ജീവനക്കാരുടെ ശമ്പളം അവരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറണമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) തൊഴിലുടമകൾക്ക് മുന്നറിയിപ്പ് നൽകി. ശമ്പള കൈമാറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം നൽകുന്നത് നിയമപരമായ ബാധ്യത മാത്രമല്ല, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രധാന നടപടിയാണെന്നും അതോറിറ്റി അറിയിച്ചു.
സ്ഥാപനങ്ങളുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ തൊഴിലാളികൾക്കും നിയമാനുസൃതമായി ശമ്പളം ലഭിക്കുന്നുണ്ടെന്ന് തൊഴിലുടമകൾ ഉറപ്പാക്കണം. ശമ്പള കൈമാറ്റ ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ അതോറിറ്റിക്ക് അധികാരമുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ശമ്പള വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനുമായി പരിശോധനയും നിരീക്ഷണവും ശക്തമാക്കുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.



