കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര റീട്ടെയിൽ, ഷോപ്പിംഗ് മേഖലയിൽ കുവൈറ്റിന് അഭിമാനകരമായ നേട്ടം. ‘സീസിയാസ്റ്റാറ്റ്സ്’ പ്രസിദ്ധീകരിച്ച ‘ലോകത്തിലെ ഏറ്റവും മികച്ച ഷോപ്പിംഗ് മാളുകൾ 2026’ എന്ന ആഗോള റാങ്കിംഗിൽ ‘ദി അവന്യൂസ് കുവൈറ്റ്’ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്തോനേഷ്യ, ബ്രസീൽ, കൊളംബിയ, ഇറ്റലി, മെക്സിക്കോ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്തമായ ഷോപ്പിംഗ് കേന്ദ്രങ്ങളെ പിന്തള്ളിയാണ് കുവൈറ്റിന്റെ ഈ മിന്നും നേട്ടം. റീട്ടെയിൽ, വിനോദ, ജീവിതശൈലി അനുഭവങ്ങളുടെ പ്രധാന പ്രാദേശിക കേന്ദ്രമായി കുവൈറ്റ് വളരുന്നതിന്റെ തെളിവായാണ് ഈ അംഗീകാരം വിലയിരുത്തപ്പെടുന്നത്.
പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ഇന്തോനേഷ്യയിലെ ‘ഗ്രാൻഡ് ഇന്തോനേഷ്യ’ രണ്ടാം സ്ഥാനത്തും ബ്രസീലിലെ ‘ബാരാഷോപ്പിംഗ്’ മൂന്നാം സ്ഥാനത്തുമാണ്. കൊളംബിയയിലെ ‘എൽ ടെസോറോ പാർക്ക് കൊമേഴ്സ്യൽ’ നാലാം സ്ഥാനവും ഇറ്റലിയിലെ ചരിത്രപ്രസിദ്ധമായ ‘ഗാലേറിയ വിറ്റോറിയോ ഇമ്മാനുവേൽ II’ അഞ്ചാം സ്ഥാനവും നേടി.
ആറ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ഷോപ്പിംഗ് കേന്ദ്രങ്ങളാണ് ആദ്യ പത്തിൽ ഇടംപിടിച്ചിരിക്കുന്നത്. ആദ്യ അഞ്ച് സ്ഥാനങ്ങൾക്ക് പിന്നാലെ മെക്സിക്കോയിലെ ‘അൻഡാരെസ് ഷോപ്പിംഗ് മാൾ’ ആറാം സ്ഥാനത്തും, യു.എ.ഇയിലെ ‘ദുബായ് ഹിൽസ് മാൾ’ ഏഴാം സ്ഥാനത്തുമാണ്. ബ്രസീലിലെ ‘സാൽവഡോർ ഷോപ്പിംഗ്’ എട്ടാം സ്ഥാനത്തും, യു.എ.ഇയിലെ ‘മാൾ ഓഫ് ദി എമിറേറ്റ്സ്’ ഒൻപതാം സ്ഥാനത്തും എത്തിയപ്പോൾ, കൊളംബിയയിലെ ‘ലാ സെറെസുവേല മാൾ’ പത്താം സ്ഥാനം സ്വന്തമാക്കി.
ദുബായിലെ പ്രശസ്തമായ മാൾ ഓഫ് ദി എമിറേറ്റ്സ്, ദുബായ് ഹിൽസ് മാൾ എന്നിവയെയും യൂറോപ്പിലെയും ലാറ്റിൻ അമേരിക്കയിലെയും മുൻനിര ഷോപ്പിംഗ് കേന്ദ്രങ്ങളെയും മറികടന്നാണ് ദി അവന്യൂസ് കുവൈറ്റ് ഒന്നാമതെത്തിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിൽ കുവൈറ്റ് കൈവരിച്ച വലിയ മുന്നേറ്റത്തെയാണ് ഈ ആഗോള അംഗീകാരം അടയാളപ്പെടുത്തുന്നത്.



