കുവൈത്ത് സിറ്റി: മയക്കുമരുന്ന് വ്യാപനവും അനധികൃത മരുന്നുകളുടെ വിൽപ്പനയും തടയുന്നതിനായി ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിൽ നാല് വ്യത്യസ്ത കേസുകളിലായി അഞ്ച് പ്രവാസികൾ അറസ്റ്റിലായി.മഹ്ബൂലയിൽ അനധികൃതമായി ഗർഭഛിദ്ര ഗുളികകൾ വിൽപ്പന നടത്തിയിരുന്ന ഘാന സ്വദേശിയെ അഹമ്മദി ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗം പിടികൂടി.
രഹസ്യ നിരീക്ഷണത്തിനൊടുവിൽ വിൽപ്പനയ്ക്കിടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ കൈവശത്തുനിന്ന് അഞ്ച് സ്ട്രിപ്പ് ഗുളികകൾ പിടിച്ചെടുത്തു.ഓരോ സ്ട്രിപ്പും 150 ദിനാറിനാണ് വിൽപ്പന നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. വിദേശത്തുള്ള ഒരാളുടെ നിർദേശപ്രകാരമാണ് ഗുളികകൾ സ്വീകരിക്കുന്നതും വിതരണം ചെയ്യുന്നതെന്നും ഇയാൾ വെളിപ്പെടുത്തി.
അതേസമയം, മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട മൂന്ന് വ്യത്യസ്ത കേസുകളിലായി നാല് പ്രവാസികളെ മയക്കുമരുന്ന് നിയന്ത്രണ വിഭാഗവും അറസ്റ്റ് ചെയ്തു.പ്രതികളിൽ നിന്ന് ക്രിസ്റ്റൽ മെത്ത്, ‘കെമിക്കൽ’ എന്നറിയപ്പെടുന്ന മയക്കുമരുന്ന് ചേർത്ത 31 പേപ്പറുകൾ, മയക്കുമരുന്ന് ദ്രാവകം നിറച്ച മൂന്ന് ഇലക്ട്രോണിക് സിഗരറ്റുകൾ, മയക്കുമരുന്ന് തൂക്കുന്നതിനുള്ള സൂക്ഷ്മ ത്രാസ് എന്നിവ പിടിച്ചെടുത്തു.



