കുവൈത്ത് സിറ്റി: 2027ലെ ദേശീയ ദിന, വിമോചന ദിനാഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ കുവൈത്തിൽ ആരംഭിച്ചു. ആഘോഷങ്ങളുടെ നടത്തിപ്പിൽ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിനൊപ്പം സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനും തീരുമാനിച്ചു.ദേശീയ ആഘോഷങ്ങളും പൊതുപരിപാടികളും സംഘടിപ്പിക്കുന്നതിനുള്ള സ്ഥിരം സമിതിയുടെ രണ്ടാമത്തെ യോഗത്തിലാണ് ഇതുസംബന്ധിച്ച പദ്ധതികൾ ചർച്ച ചെയ്തത്. വാർത്താവിനിമയ, വിവരസാങ്കേതികവിദ്യ സഹമന്ത്രിയും ഇൻഫർമേഷൻ ആൻഡ് കൾച്ചർ ആക്ടിങ് മന്ത്രിയുമായ ഒമർ അൽ ഒമറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
ആഘോഷങ്ങളുടെ നടത്തിപ്പ്, പ്രചാരണം, വിവിധ സർക്കാർ വകുപ്പുകളുടെ ചുമതലകൾ, പരിപാടികളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ വിശദമായി വിലയിരുത്തി. ആഘോഷങ്ങൾ കൂടുതൽ ആകർഷകവും ജനപങ്കാളിത്തമുള്ളതുമാക്കുന്നതിനുള്ള നിർദേശങ്ങളും ചർച്ച ചെയ്തു.സ്വകാര്യ സ്ഥാപനങ്ങൾ സമർപ്പിച്ച വിവിധ പദ്ധതികളും ആശയങ്ങളും യോഗം പരിശോധിച്ചു. സർക്കാർ-സ്വകാര്യ മേഖലകളുടെ സഹകരണത്തിലൂടെ പുതിയ പരിപാടികൾ അവതരിപ്പിക്കാനും ആഘോഷങ്ങളിൽ വൈവിധ്യം കൊണ്ടുവരാനുമാണ് ലക്ഷ്യമിടുന്നത്.
ഇൻഫർമേഷൻ മന്ത്രാലയം അണ്ടർസെക്രട്ടറിയും സമിതി വൈസ് ചെയർമാനുമായ ഡോ. നാസർ മുഹൈസൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.ആഘോഷങ്ങളുടെ വിജയത്തിനായി ബന്ധപ്പെട്ട വകുപ്പുകളുടെ ഉത്തരവാദിത്തങ്ങൾ വ്യക്തമായി നിർണയിക്കണമെന്നും പദ്ധതികളുടെ നടത്തിപ്പ് കൃത്യമായി നിരീക്ഷിക്കണമെന്നും യോഗം നിർദേശിച്ചു. പരിപാടികളുടെ നിലവാരം ഉയർത്തുന്നതിനൊപ്പം കൂടുതൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പ്രാധാന്യം നൽകും.
കുവൈത്തിന്റെ ദേശീയ പൈതൃകവും സാംസ്കാരിക തനിമയും ചരിത്രപ്രാധാന്യവും പ്രതിഫലിപ്പിക്കുന്ന രീതിയിലായിരിക്കും 2027ലെ ആഘോഷങ്ങൾ സംഘടിപ്പിക്കുക. രാജ്യത്തിന്റെ മഹത്വത്തിനും ജനങ്ങളുടെ പ്രതീക്ഷകൾക്കും അനുയോജ്യമായ ദേശീയാഘോഷങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.



