കുവൈറ്റ് സിറ്റി: ലഹരിമരുന്ന് വിപത്തിനെതിരെ തുടരുന്ന സുരക്ഷാ നടപടികളുടെ ഭാഗമായി, മയക്കുമരുന്ന് കടത്തും ഉപയോഗവുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത കേസുകളിലായി നാല് ഏഷ്യൻ സ്വദേശികളെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ കീഴിലുള്ള ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.മൂന്ന് കേസുകളിലായി ആകെ മൂന്ന് കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 250 ഗ്രാം ഹാഷിഷ്, ലഹരി രാസവസ്തുക്കൾ പുരട്ടിയ 109 കടലാസുകൾ, മൂന്ന് സൂക്ഷ്മ ത്രാസുകൾ എന്നിവ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നേപ്പാൾ സ്വദേശിയായ പ്രതി മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് ഒരു കേസ് പിടികൂടിയത്. ഇയാളിൽ നിന്ന് ക്രിസ്റ്റൽ മെത്ത് വാങ്ങാമെന്ന് സമ്മതിച്ച് കെണിയൊരുക്കുകയും, സാധനം കൈമാറുന്നതിനിടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വിൽപ്പനയും പ്രചാരണവും നടത്തുന്ന ശൃംഖലയിലെ അംഗമാണ് ഇയാളെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് നിന്ന് കൂട്ടാളിയെയും അറസ്റ്റ് ചെയ്തു.പ്രതികളെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.



