കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഷോപ്പിങ് സെന്ററിൽ നിന്ന് സൗന്ദര്യവർധക വസ്തുക്കൾ മോഷ്ടിച്ച് യുവതി രണ്ട് മിനിറ്റിനുള്ളിൽ കടന്നുകളഞ്ഞതായി പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ഷോപ്പിങ് സെന്റർ മാനേജർ പൊലീസിൽ പരാതി നൽകി.ഷോപ്പിങ് സെന്ററിലെ സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്ന വിഭാഗത്തിലെത്തിയ യുവതി നിരവധി ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് തന്റെ ഹാൻഡ്ബാഗിനുള്ളിൽ ഒളിപ്പിക്കുന്നതും തുടർന്ന് രണ്ട് മിനിറ്റിനുള്ളിൽ സ്ഥാപനത്തിൽ നിന്ന് പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.ഷോപ്പിങ് സെന്ററിലെ പ്രത്യേക ഓഡിറ്റിങ് സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് മോഷണം കണ്ടെത്തിയത്.
തുടർന്ന് മാനേജ്മെന്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി. യുവതിയെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി ഷോപ്പിങ് സെന്ററിനകത്തെയും പുറത്തെയും നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുകളും മറ്റ് സാങ്കേതിക തെളിവുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.
മോഷ്ടിച്ച വസ്തുക്കളുടെ വില എത്ര കുറവാണെങ്കിലും മോഷണം ക്രിമിനൽ കുറ്റമാണെന്നും ഇത്തരം സംഭവങ്ങളിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.വാണിജ്യ സ്ഥാപനങ്ങളിൽ വ്യാപകമായി സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളും ബയോമെട്രിക് സംവിധാനങ്ങളും മോഷണക്കേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.



