കുവൈത്ത്സിറ്റി: കുവൈത്തിൽ WAMD പണമിടപാട് സംവിധാനത്തിലൂടെ ബാങ്ക് അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായി പണം ലഭിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്. അബദ്ധത്തിൽ പണം അയച്ചതാണെന്ന് പറഞ്ഞ് മറ്റൊരു മൊബൈൽ നമ്പറിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ തുക തിരികെ അയയ്ക്കാൻ ആവശ്യപ്പെടുന്നത് സാമ്പത്തിക തട്ടിപ്പിന്റെ ഭാഗമായിരിക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കുവൈത്തിൽ താമസിക്കുന്ന ഒരു പ്രവാസിയുടെ WAMD അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായി 40 ദിനാർ എത്തിയ സംഭവമാണ് ഇത്തരം ഇടപാടുകളിലെ അപകടസാധ്യത വീണ്ടും ചർച്ചയാക്കിയത്. പണം അയച്ചയാൾ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് അറിയിച്ച് തുക തിരികെ ആവശ്യപ്പെട്ടു. തുടർന്ന് ഫ്രാൻസിൽ നിന്നുള്ള നമ്പർ ഉൾപ്പെടെ വിവിധ നമ്പറുകളിൽ നിന്ന് പ്രവാസിക്ക് ഫോൺ കോളുകൾ ലഭിച്ചു.
നേരത്തെ ഓൺലൈൻ ഷോപ്പിങ് തട്ടിപ്പിന് ഇരയായിട്ടുള്ള പ്രവാസി, ഇത് മറ്റൊരു തട്ടിപ്പായിരിക്കുമെന്ന ആശങ്കയിൽ ബാങ്കിനെ സമീപിച്ചു. ബാങ്കിന്റെ നിർദേശപ്രകാരം മൊബൈൽ ആപ്ലിക്കേഷനിലെ ഔദ്യോഗിക റീഫണ്ട് സംവിധാനം ഉപയോഗിച്ച് പണം തിരികെ നൽകി. പിന്നീട് പണം അയച്ചയാൾ തുക ലഭിച്ചതായി സ്ഥിരീകരിച്ചു. ഈ സംഭവം യഥാർഥത്തിൽ അബദ്ധത്തിൽ നടന്ന പണമിടപാടാണെന്ന് വ്യക്തമായി.എന്നാൽ ഇത്തരം സാഹചര്യങ്ങൾ മുതലെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാണെന്ന് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. WAMD വഴി പണം അയച്ചശേഷം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പറഞ്ഞ് മറ്റൊരു നമ്പറിലേക്ക് തുക അയയ്ക്കാൻ ആവശ്യപ്പെടുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഇത്തരത്തിൽ ആവശ്യപ്പെടുന്ന അക്കൗണ്ടുകൾ കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളുമായി ബന്ധപ്പെട്ടതാകാമെന്നും ബാങ്ക് ചൂണ്ടിക്കാട്ടുന്നു.
ബാങ്കിങ് വിദഗ്ധൻ മുഹമ്മദ് ഹെഗാബിന്റെ അഭിപ്രായത്തിൽ, ഓരോ പണമിടപാടിനും പ്രത്യേക ട്രാൻസാക്ഷൻ നമ്പർ ഉണ്ടായിരിക്കും. ബാങ്കിങ് ആപ്പിലെ റീഫണ്ട് സംവിധാനം ഉപയോഗിക്കുമ്പോൾ യഥാർഥ ഇടപാടുമായി ബന്ധപ്പെടുത്തി പണം തിരികെ നൽകുന്നതിനാൽ കൃത്യമായ രേഖകൾ ലഭിക്കും. ഭാവിയിൽ സാമ്പത്തിക തർക്കങ്ങളോ നിയമപ്രശ്നങ്ങളോ ഉണ്ടായാൽ ഈ രേഖകൾ തെളിവായി ഉപയോഗിക്കാനാകും.
പണം ലഭിച്ച് ഏഴ് ദിവസത്തിനകം ബാങ്കിങ് ആപ്ലിക്കേഷനിലെ Refund ഓപ്ഷൻ ഉപയോഗിച്ച് തുക തിരികെ നൽകണമെന്നാണ് സെൻട്രൽ ബാങ്കിന്റെ നിർദേശം. ഇതിനായി ബന്ധപ്പെട്ട പണമിടപാട് തുറന്ന് Refund തിരഞ്ഞെടുക്കുകയും പണം തിരികെ നൽകുന്നതിനുള്ള ശരിയായ കാരണം രേഖപ്പെടുത്തുകയും വേണം.ഏഴ് ദിവസത്തെ കാലാവധി കഴിഞ്ഞാൽ സൈബർ ക്രൈം വിഭാഗത്തെ സമീപിച്ച് അപ്രതീക്ഷിതമായി പണം ലഭിച്ച വിവരം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യണമെന്ന് ബാങ്കിങ് വിദഗ്ധർ നിർദേശിക്കുന്നു.
അതേസമയം, അബദ്ധത്തിൽ അക്കൗണ്ടിലെത്തിയ പണം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ മനഃപൂർവം കൈവശം വയ്ക്കാനോ നിയമപരമായി അവകാശമില്ലെന്ന് അഭിഭാഷകൻ ഖാലിദ് ബഷീർ വ്യക്തമാക്കി. സാഹചര്യങ്ങൾക്കനുസരിച്ച് ഇത് മോഷണക്കുറ്റമായി പരിഗണിക്കപ്പെടാനും പൊലീസ് കേസിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
ഒരേ വ്യക്തിയിൽ നിന്നോ നമ്പറിൽ നിന്നോ തുടർച്ചയായി സംശയാസ്പദമായ പണമിടപാടുകൾ ഉണ്ടായാൽ ഉടൻ ബാങ്കിനെയും ബന്ധപ്പെട്ട അധികൃതരെയും അറിയിക്കണമെന്നും സെൻട്രൽ ബാങ്ക് നിർദേശിക്കുന്നു.അപരിചിതരിൽ നിന്ന് പണം ലഭിച്ചാൽ അവരുടെ നിർദേശപ്രകാരം മറ്റൊരു അക്കൗണ്ടിലേക്ക് നേരിട്ട് അയയ്ക്കരുതെന്നും ബാങ്കിന്റെ ഔദ്യോഗിക റീഫണ്ട് സംവിധാനം മാത്രം ഉപയോഗിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.



