കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച പുലർച്ചെ വരെ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ദറാർ അൽ അലി അറിയിച്ചു.
ഉയർന്ന മർദമേഖലയുടെ സ്വാധീനത്തോടൊപ്പം ഈർപ്പം നിറഞ്ഞ വായു രാജ്യത്തേക്ക് എത്തുന്നതാണ് നിലവിലെ കാലാവസ്ഥയ്ക്ക് കാരണമെന്ന് കുവൈത്ത് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഫലമായി അന്തരീക്ഷത്തിലെ ആപേക്ഷിക ഈർപ്പം വർധിക്കുകയും കാറ്റിന്റെ വേഗം കുറയുകയും ചെയ്യും.
ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച പുലർച്ചെ വരെ മൂടൽമഞ്ഞ് അനുഭവപ്പെടും. പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ദൃശ്യപരത 1,000 മീറ്ററിൽ താഴെയാകാനും സാധ്യതയുണ്ട്.രാജ്യത്തെ പരമാവധി താപനില 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 12 മുതൽ 14 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.



