കുവൈത്ത് സിറ്റി: ശൈത്യകാലം ആരംഭിക്കുകയും അന്തരീക്ഷ താപനില കുറയുകയും ചെയ്തതോടെ കുവൈത്തിൽ മരുഭൂമി യാത്രകൾക്കും ക്യാമ്പിങ്ങിനും സാഹസിക ഡ്രൈവിങ്ങിനുമുള്ള താൽപര്യം വർധിക്കുന്നു. ഇതോടെ ഫോർ വീൽ ഡ്രൈവ് വാഹനങ്ങളും അവയ്ക്ക് ആവശ്യമായ അനുബന്ധ ഉപകരണങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളുടെ വിപണിയും സജീവമായിരിക്കുകയാണ്.
മണൽക്കൂനകളിലൂടെയുള്ള സാഹസിക ഡ്രൈവിങ്ങിൽ മാത്രം ഒതുങ്ങുന്നതല്ല ഇന്ന് ഓഫ് റോഡ് വിനോദം. വാഹനങ്ങളിൽ പ്രത്യേക സസ്പെൻഷൻ സംവിധാനങ്ങൾ, ടയറുകൾ, വീലുകൾ, രക്ഷാപ്രവർത്തന ഉപകരണങ്ങൾ, ടെന്റുകൾ, പോർട്ടബിൾ ഫ്രിഡ്ജുകൾ, വൈദ്യുതി സംവിധാനങ്ങൾ എന്നിവ സജ്ജീകരിക്കുന്ന വിപുലമായ മേഖലയായി ഇത് വളർന്നിട്ടുണ്ട്.
ദീർഘദൂര യാത്രകൾക്കായി വാഹനങ്ങളെ സജ്ജമാക്കുന്ന ‘ഓവർലാൻഡ്’ എന്ന ആശയത്തിനും കുവൈത്തിൽ പ്രചാരം വർധിക്കുകയാണ്. വിവിധ പ്രദേശങ്ങളിലേക്കും രാജ്യങ്ങളിലേക്കും റോഡ് മാർഗം യാത്ര ചെയ്യുന്നതിനൊപ്പം ഉറങ്ങാനും ഭക്ഷണം പാകം ചെയ്യാനും സാധനങ്ങൾ സൂക്ഷിക്കാനും ആവശ്യമായ സംവിധാനങ്ങൾ വാഹനങ്ങളിൽ ഒരുക്കുന്നതാണ് ഈ രീതി.കുടുംബത്തോടൊപ്പം ദിവസങ്ങളോളം മരുഭൂമിയിൽ ക്യാമ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവരും വാരാന്ത്യങ്ങളിൽ സാഹസിക യാത്രകൾ നടത്തുന്നവരും ഇത്തരം വാഹനങ്ങളോട് കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്.
ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾക്കും പിക്കപ്പ് ട്രക്കുകൾക്കും ആവശ്യമായ പ്രത്യേക ഉപകരണങ്ങൾ ലഭ്യമാക്കുന്ന നിരവധി സ്ഥാപനങ്ങൾ കുവൈത്തിൽ പ്രവർത്തിക്കുന്നുണ്ട്. വാഹനങ്ങളുടെ ഉയരം വർധിപ്പിക്കുന്ന സംവിധാനങ്ങൾ, ഷോക്ക് അബ്സോർബറുകൾ, പ്രത്യേക ടയറുകൾ, ബമ്പറുകൾ, വാഹന സംരക്ഷണ കവചങ്ങൾ, ടോവിങ് റോപ്പുകൾ, ഇലക്ട്രിക് വിഞ്ചുകൾ, എയർ കംപ്രസറുകൾ തുടങ്ങിയവയ്ക്ക് ആവശ്യക്കാർ ഏറെയാണ്.
വാഹനങ്ങളുടെ റൂഫിൽ സ്ഥാപിക്കാവുന്ന ടെന്റുകൾ, തണൽ സംവിധാനങ്ങൾ, പാചക ഉപകരണങ്ങൾ, പോർട്ടബിൾ വൈദ്യുതി യൂണിറ്റുകൾ, സോളാർ പാനലുകൾ എന്നിവയ്ക്കും വിപണിയിൽ ആവശ്യകത വർധിച്ചിട്ടുണ്ട്. പൂർണമായും സജ്ജീകരിച്ച വാഹനങ്ങൾ നേരിട്ട് വാങ്ങുന്നവരും സ്വന്തം ബജറ്റിനനുസരിച്ച് ഘട്ടംഘട്ടമായി വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നവരുമുണ്ട്.
അതേസമയം, അശാസ്ത്രീയമായി വാഹനങ്ങളുടെ ഉയരം വർധിപ്പിക്കുന്നതും അനുയോജ്യമല്ലാത്ത ഉപകരണങ്ങൾ ഘടിപ്പിക്കുന്നതും വാഹനത്തിന്റെ സ്ഥിരതയെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വാഹനത്തിൽ അധിക ഉപകരണങ്ങൾ സ്ഥാപിക്കുമ്പോൾ അനുവദനീയമായ ഭാരപരിധിയും പരിഗണിക്കണം.
മരുഭൂമി യാത്രകൾക്ക് മുമ്പ് ടയറുകൾ, ബ്രേക്കുകൾ, കൂളിങ് സംവിധാനം, സസ്പെൻഷൻ എന്നിവ പരിശോധിക്കണമെന്നും രക്ഷാപ്രവർത്തന ഉപകരണങ്ങളും പ്രഥമശുശ്രൂഷാ സാമഗ്രികളും കരുതണമെന്നും വിദഗ്ധർ നിർദേശിക്കുന്നു. യാത്രാമാർഗവും ലക്ഷ്യസ്ഥാനവും മുൻകൂട്ടി നിശ്ചയിച്ച് മറ്റുള്ളവരെ അറിയിക്കണം. അപരിചിതവും അപകടകരവുമായ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുന്നതിനൊപ്പം മരുഭൂമി വിനോദങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക സുരക്ഷാ നിർദേശങ്ങളും, വാഹനങ്ങളിൽ വരുത്തുന്ന അനുവദനീയമായ മാറ്റങ്ങളും കർശനമായി പാലിക്കണം.



