കുവൈറ്റ് സിറ്റി: വിസ കച്ചവടം, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ, കൈക്കൂലി എന്നീ കുറ്റങ്ങളിൽ രണ്ട് ഈജിപ്ഷ്യൻ പൗരന്മാർക്ക് അഞ്ച് വർഷം വീതവും ബംഗ്ലാദേശ് സ്വദേശിയായ ശുചീകരണ തൊഴിലാളിക്ക് നാല് വർഷം തടവും വിധിച്ചു. ഫസ്റ്റ് സർക്യൂട്ട് ക്രിമിനൽ കോടതിയുടേതാണ് വിധി. താമസാനുമതി നിയമങ്ങൾ ലംഘിച്ചും വ്യാജ ഇടപാടുകൾ നടത്തിയും വിസ കച്ചവടം നടത്തിയതായി റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
കേസിലെ ഒന്നാം പ്രതിയായ ഈജിപ്ഷ്യൻ പൗരന് കഠിനതടവോടെ അഞ്ച് വർഷത്തെ തടവും 10,000 ദിനാർ പിഴയുമാണ് കോടതി വിധിച്ചത്. രണ്ട് തൊഴിലാളികളുടെ വിസയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് ഈ ശിക്ഷ. വ്യാജമായി വിസ കാലാവധി നീട്ടിനൽകുന്നതുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ ഈജിപ്ഷ്യൻ പൗരനും കഠിനതടവോടെ അഞ്ച് വർഷത്തെ തടവും 50 ദിനാർ പിഴയും വിധിച്ചു. കൈക്കൂലി കേസിൽ ഉൾപ്പെട്ട ബംഗ്ലാദേശി ശുചീകരണ തൊഴിലാളിക്ക് നാല് വർഷം തടവും 50 ദിനാർ പിഴയുമാണ് കോടതി വിധിച്ചത്. എല്ലാ പ്രതികൾക്കുമുള്ള ശിക്ഷ ഉടൻ നടപ്പാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇതിനുപുറമെ, ഈ കേസിൽ ഉൾപ്പെട്ട ചരക്ക് ഗതാഗത കമ്പനിക്ക് ഓരോ തൊഴിലാളിക്കും 10,000 ദിനാർ വീതം ആകെ 20,000 ദിനാർ പിഴയൊടുക്കാൻ കോടതി ഉത്തരവിട്ടു. കൂടാതെ കമ്പനിയുടെ ലൈസൻസ് റദ്ദാക്കാനും കോടതി ഉത്തരവായിട്ടുണ്ട്. രാജ്യത്ത് വിസ കച്ചവടവും വ്യാജ രേഖാ നിർമ്മാണവും നടത്തുന്നവർക്കെതിരെയുള്ള കർശന നിയമനടപടികൾ തുടരുമെന്നതിന്റെ സൂചനയാണ് ഈ വിധി.



