കുവൈറ്റ് സിറ്റി: കാലാവധി കഴിഞ്ഞ മീനിലും ഇറച്ചിയിലും വ്യാജമായി പുതിയ നിർമ്മാണ-കാലഹരണ തീയതികൾ രേഖപ്പെടുത്തി റെസ്റ്റോറന്റുകൾക്ക് വിൽപന നടത്തിവന്ന ഈജിപ്ഷ്യൻ പ്രവാസി കുവൈറ്റ് പൊലീസിന്റെ പിടിയിൽ. ഭക്ഷ്യസുരക്ഷയെയും പൊതുജനാരോഗ്യത്തെയും ഗുരുതരമായി ബാധിക്കുന്ന സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഷുവൈഖ് പ്രദേശത്തെ ഒരു വെയർഹൗസിൽ പഴകിയ മത്സ്യവും മാംസവും സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധന നടത്തിയത്.
നശിച്ചുകഴിഞ്ഞ ഭക്ഷണസാധനങ്ങളുടെ യഥാർത്ഥ ലേബലുകൾ മാറ്റി പുതിയ തീയതികൾ പതിപ്പിച്ച് റെസ്റ്റോറന്റുകളിലേക്ക് വിതരണത്തിനായി തയ്യാറാക്കുകയായിരുന്നു പ്രതിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നുട്രീഷ്യന്റെ സഹകരണത്തോടെ നടത്തിയ റെയ്ഡിൽ വെയർഹൗസും പ്രതി മാംസം സൂക്ഷിക്കാനായി ഉപയോഗിച്ചിരുന്ന ഒരു ബസും അധികൃതർ പരിശോധിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു ടൺ ചീഞ്ഞ മത്സ്യം, 68 കിലോഗ്രാം ചീഞ്ഞ ഇറച്ചി എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത മുഴുവൻ ഭക്ഷ്യവസ്തുക്കളും അധികൃതർ നശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ നിയമലംഘനത്തിന് കേസെടുക്കുകയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യവ്യാജ വ്യാപാരങ്ങൾ തടയുന്നതിനുമുള്ള കർശന നടപടികൾ രാജ്യത്ത് തുടരുമെന്ന് അധികൃതർ അറിയിച്ചു.



