കുവൈത്ത് സിറ്റി: നവംബർ മാസത്തിൽ കുവൈത്തിന്റെ ആകാശത്ത് ആറ് പ്രധാന ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾ ദൃശ്യമാകുമെന്ന് അൽ ഉജൈരി ശാസ്ത്രകേന്ദ്രം അറിയിച്ചു. ഉൽക്കാവർഷം, വ്യാഴം–ചൊവ്വ ഗ്രഹങ്ങളുടെ സംഗമം, പൂർണചന്ദ്രൻ, ശുക്രഗ്രഹത്തിന്റെ തിളക്കം എന്നിവയാണ് ഈ മാസത്തെ പ്രധാന ആകർഷണങ്ങൾ.നവംബർ 9 മുതൽ 27 വരെയുള്ള ദിവസങ്ങളിലാണ് ഈ പ്രതിഭാസങ്ങൾ സംഭവിക്കുകയെന്ന് ശാസ്ത്രകേന്ദ്രം വ്യക്തമാക്കി.
നവംബർ 9ന് രാവിലെ 10.03ന് ജുമാദ അൽ ആഖിറ മാസത്തിലെ അമാവാസി സംഭവിക്കുന്നതോടെയാണ് ജ്യോതിശാസ്ത്ര സംഭവങ്ങൾക്ക് തുടക്കമാകുന്നത്.നവംബർ 15ന് വ്യാഴവും ചൊവ്വയും ആകാശത്ത് പരസ്പരം അടുത്തതായി ദൃശ്യമാകും. രാത്രി 11.29ന് കുവൈത്ത് സിറ്റിയിൽനിന്ന് തെക്കുകിഴക്കൻ ആകാശത്ത് ഈ ഗ്രഹസംഗമം നിരീക്ഷിക്കാനാകും.നവംബർ 17, 18 തീയതികളിൽ ലിയോണിഡ്സ് ഉൽക്കാവർഷം ദൃശ്യമാകും. ധൂമകേതുക്കൾ അവശേഷിപ്പിച്ച പൊടിപടലങ്ങളും ചെറിയ ശിലാകണങ്ങളും ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച് കത്തിയമരുമ്പോഴാണ് ആകാശത്ത് പ്രകാശരേഖകൾ പ്രത്യക്ഷപ്പെടുന്നത്.
നവംബർ 20ന് ബുധഗ്രഹം സൂര്യനിൽനിന്ന് ഏറ്റവും കൂടുതൽ കോണീയ അകലത്തിൽ എത്തും. ഇത് സൂര്യോദയത്തിന് മുമ്പ് ബുധനെ നിരീക്ഷിക്കാൻ അനുകൂലമായ സാഹചര്യമൊരുക്കും.നവംബർ 24ന് പൂർണചന്ദ്രൻ ദൃശ്യമാകും. നവംബറിലെ പൂർണചന്ദ്രനെ പരമ്പരാഗതമായി ‘ബീവർ മൂൺ’ എന്നാണ് വിളിക്കുന്നത്. വടക്കേ അമേരിക്കയിലെ തദ്ദേശീയ ജനവിഭാഗങ്ങൾ ഉപയോഗിച്ചിരുന്ന പേരാണിത്.
നവംബർ 27ന് ശുക്രഗ്രഹം പ്രഭാത ആകാശത്ത് ഏറ്റവും കൂടുതൽ തിളക്കത്തോടെ പ്രത്യക്ഷപ്പെടും. സൂര്യോദയ സമയത്ത് കുവൈത്ത് സിറ്റിയിൽനിന്ന് ഏകദേശം 39 ഡിഗ്രി ഉയരത്തിൽ ശുക്രനെ കാണാനാകുമെന്നാണ് ശാസ്ത്രകേന്ദ്രത്തിന്റെ വിശദീകരണം.ആകാശം തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഈ പ്രതിഭാസങ്ങളിൽ പലതും പ്രത്യേക ഉപകരണങ്ങളില്ലാതെ നിരീക്ഷിക്കാനാകും. നഗരങ്ങളിലെ ശക്തമായ വെളിച്ചത്തിൽനിന്ന് അകലെയുള്ള പ്രദേശങ്ങൾ ഉൽക്കാവർഷം കാണാൻ കൂടുതൽ അനുയോജ്യമാണ്.
ജ്യോതിശാസ്ത്രത്തിൽ താൽപര്യമുള്ളവർക്കും പൊതുജനങ്ങൾക്കും നവംബർ മാസം വ്യത്യസ്തമായ ആകാശക്കാഴ്ചകൾ സമ്മാനിക്കുമെന്ന് അൽ ഉജൈരി ശാസ്ത്രകേന്ദ്രം അറിയിച്ചു.



