കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്നതും രാജ്യത്തുനിന്ന് പുറത്തേക്ക് പോകുന്നതുമായ യാത്രക്കാർ കൈവശമുള്ള പണം 3,000 കുവൈത്ത് ദിനാറോ അതിലധികമോ ആണെങ്കിൽ കസ്റ്റംസ് അധികൃതരെ നിർബന്ധമായും അറിയിക്കണമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് മുന്നറിയിപ്പ് നൽകി.വിദേശ കറൻസികളിൽ ഇതിന് തുല്യമായ തുക കൈവശം വയ്ക്കുന്നവർക്കും നിയമം ബാധകമാണ്. സ്വദേശികളും വിദേശികളും ഉൾപ്പെടെ എല്ലാ യാത്രക്കാരും ഈ വ്യവസ്ഥ പാലിക്കണം. പണത്തിന് പുറമെ ട്രാവലേഴ്‌സ് ചെക്കുകൾ, ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, മറ്റ് കൈമാറ്റം ചെയ്യാവുന്ന സാമ്പത്തിക രേഖകൾ എന്നിവയും നിയമത്തിന്റെ പരിധിയിൽ വരും.
2013ലെ 106-ാം നമ്പർ നിയമത്തിലെ 20-ാം വകുപ്പ് പ്രകാരം പണത്തിന്റെ ഉറവിടവും ഉപയോഗലക്ഷ്യവും സംബന്ധിച്ച വിവരങ്ങൾ യാത്രക്കാരിൽനിന്ന് ആവശ്യപ്പെടാൻ കസ്റ്റംസിന് അധികാരമുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകൽ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് തെളിവുകൾ ലഭിച്ചാലോ തെറ്റായ വിവരങ്ങൾ നൽകിയാലോ പണം പൂർണമായോ ഭാഗികമായോ പിടിച്ചെടുക്കാനും അധികൃതർക്ക് അധികാരമുണ്ട്.നിയമം ലംഘിക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷകൾ:• ഒരു വർഷം വരെ തടവ്.• നിയമലംഘനവുമായി ബന്ധപ്പെട്ട തുകയുടെ 50 ശതമാനം മുതൽ 100 ശതമാനം വരെ പിഴ.• തടവും പിഴയും ഒരുമിച്ചോ ഏതെങ്കിലും ഒരു ശിക്ഷ മാത്രമായോ വിധിക്കാം.
അതേസമയം, 3,000 ദിനാറോ അതിലധികമോ കൊണ്ടുപോകുന്നതിന് നിരോധനമില്ലെന്നും തുക സംബന്ധിച്ച വിവരങ്ങൾ കസ്റ്റംസിനെ അറിയിക്കുകയാണ് നിർബന്ധമെന്നും യാത്രക്കാർ ശ്രദ്ധിക്കണം.സഹൽ ആപ്പ് വഴിയോ കസ്റ്റംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മുൻകൂട്ടി പണം സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനുള്ള സൗകര്യവും ലഭ്യമാണ്. നിയമനടപടികൾ ഒഴിവാക്കാൻ എല്ലാ യാത്രക്കാരും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കസ്റ്റംസ് അധികൃതർ അഭ്യർഥിച്ചു.



