HomeCommunityകല കുവൈറ്റ്‌ മെഗാ സാംസ്‌കാരിക മേള അർഫജ് 2026 നവംബർ 6ന്,ഒരുക്കങ്ങൾ പൂർത്തിയായി: മുഖ്യാതിഥി എം.ബി...

കല കുവൈറ്റ്‌ മെഗാ സാംസ്‌കാരിക മേള അർഫജ് 2026 നവംബർ 6ന്,ഒരുക്കങ്ങൾ പൂർത്തിയായി: മുഖ്യാതിഥി എം.ബി രാജേഷ്‌

spot_img

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ – കല കുവൈറ്റ് സംഘടിപ്പിക്കുന്ന മെഗാ സാംസ്കാരിക മേള ‘അർഫജ് 2026’ നവംബർ 6ന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി കല കുവൈറ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മുൻ കേരള നിയമസഭാ സ്പീക്കറും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായിരുന്ന എം.ബി. രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. വൈകുന്നേരം 3 മണിക്ക് സാംസ്കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ കുവൈറ്റിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

കല കുവൈറ്റിന്റെ 48-ാം പ്രവർത്തനവർഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അർഫജ് 2026, പ്രവാസി മലയാളികളുടെ കലാ-സാംസ്കാരിക കൂട്ടായ്മയുടെ വേദിയായിരിക്കും. കല, സാഹിത്യം, സംഗീതം, നാടകം, വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടന, കുവൈറ്റിലെ നാല് മേഖലകളിലായി വിവിധ സാംസ്കാരിക പരിപാടികളും സാമൂഹിക ഇടപെടലുകളും സംഘടിപ്പിച്ചുവരുന്നു.

മാതൃഭാഷാ സംരക്ഷണത്തിന് മൂന്ന് പതിറ്റാണ്ടായി പ്രത്യേക പ്രാധാന്യം നൽകുന്ന കല കുവൈറ്റ്, കുവൈറ്റിലെ മലയാളി കുട്ടികൾക്കായി സൗജന്യ മലയാളം ക്ലാസുകളും അവധിക്കാല-തുടർപഠന ക്ലാസുകളും നടത്തിവരുന്നു. കേരള സർക്കാറിന്റെ മലയാളം മിഷനുമായി സഹകരിച്ചുള്ള ‘കല മലയാളം സ്കൂൾ’ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമാണ്. കേരളത്തിലെ സാമൂഹിക, സാംസ്കാരിക, കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കല ട്രസ്റ്റിന്റെ നേതൃത്വത്തിൽ 14 ജില്ലകളിലെയും പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കായി വിദ്യാഭ്യാസ എൻഡോവ്മെന്റും മലയാള സാഹിത്യ-സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനകൾക്ക് ‘കുവൈറ്റ് കല ട്രസ്റ്റ് പുരസ്കാരവും’ ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രവാസികളുടെ ക്ഷേമം, അവകാശങ്ങൾ, ആരോഗ്യപരിരക്ഷ, പെൻഷൻ, തൊഴിൽ-ജീവിതസുരക്ഷ തുടങ്ങിയ വിഷയങ്ങളിലും കല കുവൈറ്റ് സജീവമായി ഇടപെടുന്നു. പ്രവാസികളുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും സാമൂഹിക ഐക്യദാർഢ്യ പ്രവർത്തനങ്ങൾക്കും സംഘടന നേതൃത്വം നൽകിവരുന്നു.

അർഫജ് 2026ന്റെ ഭാഗമായി കല കുവൈറ്റിന്റെ നാല് മേഖലകളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും അരങ്ങേറും. പ്രശസ്ത ഗായകൻ സൂരജ് സന്തോഷിന്റെ നേതൃത്വത്തിലുള്ള ബാൻഡും ഗായിക നേഹ വേണുഗോപാലും ചേർന്നൊരുക്കുന്ന ലൈവ് മ്യൂസിക് ഷോയാണ് മറ്റൊരു പ്രധാന ആകർഷണം. ഈ സംഗീതാവതരണം കുവൈറ്റിലെ സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമാകും.കല കുവൈറ്റിന്റെ മുഖമാസികയായ ‘കൈത്തിരി’യുടെ രണ്ടാം പതിപ്പിന്റെയും അർഫജ് 2026 സുവനീറിന്റെയും പ്രകാശനം മുഖ്യാതിഥി എം.ബി. രാജേഷ് നിർവഹിക്കും.

കല കുവൈറ്റിന്റെ 48-ാം പ്രവർത്തനവർഷത്തിലെ ഈ മെഗാ സാംസ്കാരിക മേളയിലേക്ക് കുവൈറ്റിലെ മുഴുവൻ മലയാളി സമൂഹത്തെയും ഭാരവാഹികൾ സ്വാഗതം ചെയ്തു.അബ്ബാസിയ റോയൽ ബേക്ക് റെസ്റ്റോറന്റ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കൽ, ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ്, അർഫജ് 2026 ജനറൽ കൺവീനർ സി.കെ. നൗഷാദ്, ട്രഷറർ സുരേഷ് പി.ബി., മീഡിയ വിഭാഗം സെക്രട്ടറി തസ്‌നീം മന്നിയിൽ എന്നിവർ പങ്കെടുത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!