കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് കടത്തും വിതരണവും തടയുന്നതിനായി നടത്തിയ രണ്ട് വ്യത്യസ്ത പരിശോധനകളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ലഹരിവസ്തുക്കൾ അടങ്ങിയ 337 പൊതികളും ഒരു ഗ്രാം മെത്താംഫെറ്റാമിനും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ പരിശോധനകളിലാണ് പ്രതികൾ പിടിയിലായത്. ലഹരിമരുന്ന് വിൽപ്പനയ്ക്കും വ്യക്തിഗത ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്നുവെന്ന് സംശയിക്കുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്.ലഹരിവസ്തുക്കൾ അടങ്ങിയ 332 ചെറിയ പേപ്പർ പൊതികളും അഞ്ച് വലിയ പേപ്പർ പൊതികളും ഒരു ഗ്രാം മെത്താംഫെറ്റാമിനുമാണ് പിടിച്ചെടുത്തത്.
അറസ്റ്റിലായ രണ്ടുപേരെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.രാജ്യത്ത് ലഹരിമരുന്ന് കടത്തും അനധികൃത വിതരണവും തടയുന്നതിനുള്ള സുരക്ഷാ പരിശോധനകൾ ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലഹരിമരുന്ന് വ്യാപാരത്തിലും വിതരണത്തിലും ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.



