കുവൈത്ത് സിറ്റി: സ്വകാര്യ മേഖലാ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്ന ശമ്പളം കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പുതിയ നടപടികളുമായി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത്. പ്രതിമാസ ശമ്പളം 300 ദിനാറിൽ താഴെയുള്ള ജീവനക്കാരുടെ അക്കൗണ്ടുകളിൽ നിന്ന് 25 ദിനാറോ അതിൽ കൂടുതലോ തുക പിൻവലിക്കുന്നതിനോ, കൈമാറ്റം ചെയ്യുന്നതിനോ, ഓൺലൈൻ പെയ്മെന്റുകൾ നടത്തുന്നതിനോ ഇരുഘട്ട പരിശോധന (‘TWO FACTOR’ )നിർബന്ധമാക്കി ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകി.വരുന്ന ഡിസംബർ 31 മുതൽ ഈ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും. ‘വ്യാജ ശമ്പള വിതരണ രീതികൾ’ തടയുന്നതിനായി സെപ്റ്റംബർ 28-ന് ആരംഭിച്ച ‘കുവൈത്ത് വേജ് പേയ്മെന്റ് സിസ്റ്റത്തിന്റെ’ തുടർച്ചയായാണ് ഈ നടപടി.
ശമ്പളം വെറും രേഖകളിൽ മാത്രം ഒതുങ്ങാതെ, അത് യഥാർത്ഥ അവകാശികളിൽ എത്തുന്നുണ്ടെന്നും തൊഴിലാളികൾക്ക് യാതൊരു തടസ്സവുമില്ലാതെ അത് ഉപയോഗിക്കാൻ കഴിയുന്നുണ്ടെന്നും ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.പുതിയ നിർദ്ദേശപ്രകാരം, ശമ്പളം വിതരണം ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ള അക്കൗണ്ടിൽ നിന്നോ അതുമായി ബന്ധപ്പെട്ട പേയ്മെന്റ് മാർഗ്ഗങ്ങൾ ഉപയോഗിച്ചോ നടത്തുന്ന എല്ലാ ഇടപാടുകൾക്കും (ഏത് ബാങ്കിംഗ് ചാനൽവഴിയാണെങ്കിലും) ഇരുഘട്ട പരിശോധന ബാധകമായിരിക്കും.
എന്നാൽ ശമ്പളം അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന് ഈ പരിശോധന ആവശ്യമില്ല. അക്കൗണ്ടിലെ മൊത്തം തുകയുടെയോ ഒറ്റത്തവണ നടത്തുന്ന ഇടപാടിന്റെയോ അടിസ്ഥാനത്തിലല്ല, മറിച്ച് ബാങ്കിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പുതിയ പ്രതിമാസ ശമ്പള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ അർഹത നിശ്ചയിക്കുന്നത്. ശമ്പളത്തിൽ മാറ്റം വരുമ്പോൾ ഈ വിഭാഗവും അപ്ഡേറ്റ് ചെയ്യപ്പെടും.



