കുവൈത്ത് സിറ്റി: കുവൈത്തിൽ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ അനധികൃതമായി വിൽപ്പന നടത്തിയ ഈജിപ്ഷ്യൻ പ്രവാസിയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ഏകദേശം 9,520 കുവൈത്ത് ദിനാർ വിലമതിക്കുന്ന 392 ഗുളികകൾ പിടിച്ചെടുത്തു.ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യക്കടത്തും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനുള്ള പ്രത്യേക വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പ്രതി ഗർഭച്ഛിദ്ര ഗുളികകൾ വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കി.
തുടർന്ന് സഹ്റ പ്രദേശത്ത് ഒരുക്കിയ കെണിയിലൂടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലാകുമ്പോൾ പ്രതിയുടെ കൈവശം ഏഴ് ഗുളികകൾ ഉണ്ടായിരുന്നു. തുടർന്ന് ഖൈത്താനിലെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 385 ഗുളികകൾ കൂടി കണ്ടെത്തി. ഇതോടെ പിടിച്ചെടുത്ത ഗുളികകളുടെ എണ്ണം 392 ആയി.വീട്ടിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന സ്ത്രീകളുടെ വസ്ത്രങ്ങളും കണ്ടെത്തി. സമൂഹമാധ്യമങ്ങൾ വഴി ഇയാൾ വസ്ത്രവ്യാപാരവും നടത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
ഗർഭച്ഛിദ്ര ഗുളികകൾ സ്വന്തം രാജ്യക്കാരനായ മറ്റൊരാളിൽ നിന്നാണ് പ്രതി വാങ്ങിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.അറസ്റ്റിലായ പ്രതിയെയും പിടിച്ചെടുത്ത സാധനങ്ങളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.രാജ്യത്ത് നിയമവിരുദ്ധമായ മരുന്ന് വ്യാപാരവും മറ്റ് അനധികൃത പ്രവർത്തനങ്ങളും തടയുന്നതിനുള്ള പരിശോധനകളും നടപടികളും ശക്തമായി തുടരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



