കുവൈത്ത് സിറ്റി: ആരോഗ്യ സേവനങ്ങളുടെ സുഗമമായ നടത്തിപ്പും ജീവനക്കാരുടെ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് ഡോ. സൽമാൻ ഖലീഫ അൽ-സബാഹ് തിങ്കളാഴ്ച എമർജൻസി മെഡിക്കൽ ഓപ്പറേഷൻസ് റൂമിലും മെഡിക്കൽ വെയർഹൗസുകളിലും മിന്നൽ സന്ദർശനം നടത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുമായി സംവദിച്ച അദ്ദേഹം, സേവനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ജീവനക്കാർ നടത്തുന്ന പരിശ്രമങ്ങളെ പ്രശംസിച്ചു.
ആരോഗ്യ സേവനങ്ങളുടെ തുടർച്ചയും ക്രമവും ഉറപ്പാക്കുന്നതിന് വിവിധ വകുപ്പുകളും ഡ്യൂട്ടി ടീമുകളും തമ്മിലുള്ള ഏകോപനം ശക്തമായി തുടരേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രധാനപ്പെട്ട സൗകര്യങ്ങളുടെ പ്രവർത്തനം നേരിട്ട് വിലയിരുത്തുന്നതിനും, സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ഫീൽഡ് പരിശോധനകളുടെ തുടർച്ചയായാണ് ഈ സന്ദർശനമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.



