കുവൈത്ത്സിറ്റി: കുവൈത്തിൽ നിയമാനുസൃത താമസരേഖകളില്ലാത്തവരെയും തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെയും സെക്യൂരികാരായി (ഹാരിസ്) നിയമിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്ന കെട്ടിട ഉടമകൾക്കും ഉത്തരവാദപ്പെട്ടവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, ഷാലെകൾ, കന്നുകാലി വളർത്തൽ കേന്ദ്രങ്ങൾ (ജഖൂർ), ഫാമുകൾ എന്നിവിടങ്ങളിൽ കാവൽക്കാരെ നിയമിക്കുമ്പോൾ അവരുടെ ഇഖാമയും തൊഴിൽ സംബന്ധമായ രേഖകളും നിയമാനുസൃതമാണെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു.
കാവൽക്കാരനായി നിയമിക്കുന്ന വ്യക്തി കെട്ടിട ഉടമയുടെയോ നിർമാണ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിയായ കമ്പനിയുടെയോ സ്പോൺസർഷിപ്പിൽ ഉള്ളയാളായിരിക്കണം. മറ്റൊരു സ്പോൺസറുടെ കീഴിലുള്ളവരെയോ നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവരെയോ കാവൽ ജോലിക്ക് നിയോഗിക്കരുത്.കൂടാതെ, ജോലിക്ക് നിയമിക്കുന്ന വ്യക്തിക്കെതിരെ ഒളിച്ചോടിയതായി പരാതികളോ കോടതി വിധികളോ സുരക്ഷാ നിയന്ത്രണങ്ങളോ നിലവിലില്ലെന്നും മുൻകൂട്ടി പരിശോധിക്കണം.
നിയമവിരുദ്ധമായി താമസിക്കുന്നവരെ കാവൽക്കാരായി ജോലിക്ക് നിയോഗിക്കുന്നതും അവർക്ക് താമസസൗകര്യം ഒരുക്കുന്നതും നിയമലംഘനമായി കണക്കാക്കും. ഇത്തരം സംഭവങ്ങളിൽ ഉത്തരവാദപ്പെട്ടവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.രാജ്യത്തെ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും താമസ, തൊഴിൽ നിയമലംഘനങ്ങൾ തടയുന്നതിനുമായി കെട്ടിട ഉടമകളും നിർമാണ കമ്പനികളും ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.



