കുവൈത്ത് സിറ്റി: കുവൈത്തിലും വിദേശ രാജ്യങ്ങളിലും റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന്റെ പേരിൽ നിരവധി പേരിൽ നിന്ന് വൻതുക തട്ടിയെടുത്ത കേസിൽ കുവൈത്ത് പൗരന് ആറുവർഷം തടവും 11 ലക്ഷത്തി 15,000 ദിനാർ പിഴയും വിധിച്ചു. റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് കുവൈത്ത് പരമോന്നത അപ്പീൽ കോടതിയുടെ വിധി.ജസ്റ്റിസ് അബ്ദുൽ റഹ്മാൻ അൽ ദാർമിയുടെ നേതൃത്വത്തിലുള്ള കോടതിയുടെ ഒന്നാം ബെഞ്ചാണ് ശിക്ഷ വിധിച്ചത്.
കുവൈത്തിൽ ഷാലെകൾ വാങ്ങുന്നതിനും ബ്രിട്ടൻ, ജർമനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലെ റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിക്ഷേപിക്കുന്നതിനും അവസരമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രതി നിരവധി സ്വദേശികളിൽ നിന്ന് പണം തട്ടിയെടുത്തത്.വിദേശ രാജ്യങ്ങളിൽ സ്വന്തമായി കമ്പനികളും ഭൂമിയും വൻകിട റിയൽ എസ്റ്റേറ്റ് പദ്ധതികളും ഉണ്ടെന്ന് പ്രതി നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നു. വിദേശത്തുനിന്ന് വലിയ തുക കുവൈത്തിലേക്ക് എത്തിക്കുമെന്നും പുതിയ കമ്പനികളും പദ്ധതികളും ആരംഭിച്ച് മികച്ച ലാഭം നൽകുമെന്നും വാഗ്ദാനം ചെയ്തിരുന്നു.
കേസിലെ പരാതിക്കാരിൽ ഒരാൾ വിദേശ റിയൽ എസ്റ്റേറ്റ് നിക്ഷേപ പദ്ധതിക്കായി 10 ലക്ഷം ദിനാറും മറ്റൊരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ പങ്കാളിത്തം നേടുന്നതിനായി 11.5 ലക്ഷം ദിനാറും നൽകിയതായി കോടതിയിൽ മൊഴി നൽകി.മറ്റൊരു പരാതിക്കാരനിൽ നിന്ന് ഷാലെ നിർമിക്കുന്നതിനുള്ള ഭൂമി വാങ്ങാമെന്ന് പറഞ്ഞ് ഒന്നര ലക്ഷം ദിനാർ കൈപ്പറ്റിയിരുന്നു. എന്നാൽ പ്രതിക്ക് പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശമില്ലെന്ന് പിന്നീട് കണ്ടെത്തി.
കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം തടയൽ വിഭാഗം നടത്തിയ അന്വേഷണത്തിൽ പ്രതി പ്രചരിപ്പിച്ചിരുന്ന നിക്ഷേപ പദ്ധതികളും കമ്പനികളും വ്യാജമാണെന്ന് കണ്ടെത്തി.നിക്ഷേപകരുടെ വിശ്വാസം നേടുന്നതിനായി വ്യാജ പദ്ധതികളുടെ രേഖകളും കരാറുകളും കടപ്പത്രങ്ങളും ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
പ്രതി വാഗ്ദാനം ചെയ്ത പദ്ധതികളൊന്നും നടപ്പാക്കിയിരുന്നില്ല. നിക്ഷേപകർക്ക് ലാഭവിഹിതമോ നൽകിയ പണമോ തിരികെ ലഭിച്ചിരുന്നില്ല. പണം തട്ടിയെടുത്തശേഷം അതിന്റെ നിയമവിരുദ്ധ ഉറവിടം മറച്ചുവയ്ക്കാനും പ്രതി ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.കേസിലെ തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ചാണ് പ്രതിക്ക് ആറുവർഷം തടവും 11.15 ലക്ഷം കുവൈത്ത് ദിനാർ പിഴയും വിധിച്ചത്.



