കുവൈത്ത് സിറ്റി: ലഹരിമരുന്ന് വിൽപ്പനയും ഉപയോഗവും ലഹരിയുടെ സ്വാധീനത്തിൽ വാഹനമോടിച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് യുവതിക്ക് കുവൈത്ത് ക്രിമിനൽ കോടതി ജീവപര്യന്തം തടവും 50,000 കുവൈത്ത് ദിനാർ പിഴയും വിധിച്ചു. പുതിയ ലഹരിമരുന്ന് നിയമപ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. യുവതിയുടെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കാനും ഉത്തരവിട്ടു.
പൊതുനിരത്തിൽ വാഹനം നിയന്ത്രണമില്ലാതെ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷാ പട്രോളിങ് സംഘം വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. പരിശോധനയിൽ വാഹനം ഓടിച്ചിരുന്നത് യുവതിയാണെന്നും ഇവർ അസ്വാഭാവികമായ അവസ്ഥയിലാണെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.
തുടർന്ന് വാഹനത്തിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വിവിധതരം ലഹരിമരുന്നുകൾ കണ്ടെത്തുകയായിരുന്നു. ഇതോടെ യുവതിയെ പിടികൂടി തുടർനടപടികൾക്കായി ലഹരിമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറി.കേസിൽ നടത്തിയ നിയമനടപടികൾക്കൊടുവിലാണ് ലഹരിമരുന്ന് വ്യാപാരം, ഉപയോഗം, ലഹരിയുടെ സ്വാധീനത്തിൽ വാഹനമോടിക്കൽ എന്നീ കുറ്റങ്ങൾക്ക് കോടതി കടുത്ത ശിക്ഷ വിധിച്ചത്.



