സനാ: യെമനില്‍ ഹൂതി വിമതര്‍ക്കെതിരായ സൈനിക നീക്കം ശക്തമാക്കി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന. ബാബ് എല്‍-മന്ദബ് കടലിടുക്കിന് സമീപമുള്ള തന്ത്രപ്രധാന മേഖലകളില്‍ നിന്ന് ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരെ പിന്തിരിപ്പിച്ച് നിരവധി പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചതായി യെമന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.
യെമനില്‍ ആഭ്യന്തര യുദ്ധവും സൗദിക്കെതിരായ ആക്രമണവും രൂക്ഷമാകുന്നതിനിടെ സൗദിയും തുര്‍ക്കിയും പാകിസ്താനും സംയുക്ത സൈനിക നീക്കവും ആരംഭിച്ചു. റിയാദില്‍ ചേര്‍ന്ന ത്രിരാഷ്ട്ര കക്ഷികളുടെ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമുണ്ടായത്. മക്ക കരാറിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആഗസ്റ്റ് 7ന് മക്കയില്‍ സൈനിക സഖ്യം നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ സൈനിക നീക്കമാണ് ഇത്. സഖ്യ കക്ഷികളായ മൂന്ന് രാജ്യങ്ങളില്‍ ഏതിനെതിരായ ആക്രമണവും മൂന്ന് രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നതാണ് സഖ്യ തീരുമാനം.
കടലിടുക്കിന് സമീപമുള്ള ദുബാബ്, ബാബ്, ഹമീദ് എന്നീ നഗരങ്ങള്‍ പിടിച്ചെടുത്തതായാണ് സഖ്യസേന അറിയിച്ചിരിക്കുന്നത്. സൈനികരും സര്‍ക്കാര്‍ മിലിട്ടറി ടാങ്കുകളും നഗരത്തിലേക്ക് പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിന്റെ പിന്തുണയോടെയാണ് തിങ്കളാഴ്ച്ച യെമനില്‍ സൈനിക നീക്കം ആരംഭിച്ചത്. ബാബ് അല്‍ മന്‍ദെബ് കടലിടുക്കിന് വ്യോമസംരക്ഷണം ഉറപ്പാക്കികൊണ്ടായിരുന്നു നീക്കം. ഹൂതികളുടെ നൂറ് കണക്കിന് കേന്ദ്രങ്ങള്‍ തകര്‍ത്തതായാണ് സഖ്യസേനാ നേതാവ് അവകാശപ്പെടുന്നത്. നൂറ് യൂദ്ധവിമാനങ്ങള്‍ ഈ സൈനിക നടപടിക്ക് പിന്തുണ നല്‍കുന്നതായും സഖ്യസേന വ്യക്തമാക്കി.
അതേസമയം, സൗദിയും അമേരിക്കയും തമ്മില്‍ പ്രതിരോധ കരാറുണ്ടെന്നും ഹൂതികള്‍ക്കെതിരെ തിരിച്ചടിച്ച് സ്വന്തം പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ യെമന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ആക്രമണത്തിന് മുന്നോടിയായി സഖ്യസേനയ്ക്ക് രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.



