കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് (ചൊവ്വാഴ്ച) ചൂടും ഈർപ്പവും അനുഭവപ്പെടുമെന്നും ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഈർപ്പം കൂടുതലായിരിക്കുമെന്നും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു.പകൽ സമയത്ത് കാറ്റ് ദിശ മാറിയും വടക്കുപടിഞ്ഞാറൻ ദിശയിൽനിന്നും മണിക്കൂറിൽ 8 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. രാത്രിയിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 8 മുതൽ 28 കിലോമീറ്റർ വരെയായിരിക്കും.
ഇന്ന് രാജ്യത്ത് കൂടിയ താപനില 35 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നാണ് പ്രവചനം. അന്തരീക്ഷ ഈർപ്പം 70 ശതമാനം വരെ ഉയരാനും സാധ്യതയുണ്ട്.കടലിൽ പകലും രാത്രിയും തിരമാലകൾ പൊതുവേ ശാന്തമായിരിക്കുമെന്നും ചില സമയങ്ങളിൽ മിതമായ തോതിൽ ഉയരാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരമാലകളുടെ ഉയരം ഒന്ന് മുതൽ മൂന്ന് അടി വരെയായിരിക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടയ്ക്കിടെ നേരിയ മഴ ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ കാലാവസ്ഥയിലെ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.



