HomeGULFകുവൈത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റ് വിൽപ്പന; അഞ്ച് ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ

കുവൈത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റ് വിൽപ്പന; അഞ്ച് ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ

spot_img

കുവൈത്ത് സിറ്റി: സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ഇലക്ട്രോണിക് സിഗരറ്റുകൾ വിൽപ്പന നടത്തിയ അഞ്ച് ബംഗ്ലാദേശ് സ്വദേശികളെ കുവൈത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. സാദ് അൽ അബ്ദുല്ല പ്രദേശത്തെ ഒരു വീടിനുള്ളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പലചരക്ക് കടയുടെ മറവിലായിരുന്നു വിൽപ്പന.സ്കൂളിന് സമീപമുള്ള ഒരു വീട്ടിൽ നിന്ന് വിദ്യാർത്ഥികൾക്കും കൗമാരക്കാർക്കും ഇ-സിഗരറ്റുകൾ വിതരണം ചെയ്യുന്നതായി ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലും നിരീക്ഷണത്തിലുമാണ് നിയമവിരുദ്ധ പ്രവർത്തനം കണ്ടെത്തിയത്.

ഫോണിലൂടെ ഓർഡറുകൾ സ്വീകരിക്കുകയും ആവശ്യപ്പെട്ട സാധനങ്ങൾ തയ്യാറാക്കി വീടിന് പുറത്തെത്തിച്ച് കൈമാറുകയുമായിരുന്നു ഇവരുടെ രീതി. വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റ് വിൽക്കുന്നതിനിടെ സംഘത്തിലെ ഒരാളെ വീടിന് പുറത്ത് വെച്ച് അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടി. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് മറ്റ് നാലുപേരും അറസ്റ്റിലായത്.പരിശോധനയിൽ 13 വലിയ പെട്ടികളും 23 ചെറിയ പെട്ടികളും ഇലക്ട്രോണിക് സിഗരറ്റുകൾ, 219 ചെറിയ പാക്കറ്റുകളിലാക്കിയ പുകയില ഉൽപ്പന്നങ്ങൾ, വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 1,722 കുവൈത്ത് ദിനാർ എന്നിവ പിടിച്ചെടുത്തു.

ചോദ്യം ചെയ്യലിൽ കടയുടെ പ്രവർത്തനങ്ങൾ അഞ്ചുപേരും ചേർന്നാണ് നടത്തിയിരുന്നതെന്ന് പ്രതികൾ സമ്മതിച്ചതായി അധികൃതർ അറിയിച്ചു. ഫോണിലൂടെ ഓർഡറുകൾ സ്വീകരിക്കൽ, സാധനങ്ങൾ തയ്യാറാക്കൽ, പണം ശേഖരിക്കൽ, വിതരണം നടത്തൽ തുടങ്ങിയ ജോലികൾ ഇവർ പരസ്പരം വിഭജിച്ചായിരുന്നു ചെയ്തിരുന്നത്.അറസ്റ്റിലായ അഞ്ചുപേരെയും പിടിച്ചെടുത്ത സാധനങ്ങളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും അവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുമായി പരിശോധനകളും നിരീക്ഷണവും ശക്തമായി തുടരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!