കുവൈത്ത്സിറ്റി: കുവൈത്ത് അമീറിനെയും ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളെയും അപമാനിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രസിദ്ധീകരിച്ച കേസിൽ കുവൈത്ത് പൗരന് മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു.സമൂഹമാധ്യമങ്ങളിലൂടെ ഭരണാധികാരികളെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.അപ്പീൽ കോടതിയിലെ സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗമാണ് വിധി പുറപ്പെടുവിച്ചത്.
ജഡ്ജി അബ്ദുല്ല അൽ സനാഇയുടെ നേതൃത്വത്തിലുള്ള ബെഞ്ചിൽ ജഡ്ജിമാരായ മിഷാൽ അൽ മുതവ്വ, സൗദ് അൽ മുതൈരി എന്നിവരും അംഗങ്ങളായിരുന്നു.ഇറാൻ കുവൈത്തിനെതിരെ നടത്തിയ ആക്രമണങ്ങളെ അനുകൂലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കുവൈത്തിലെ എണ്ണ കേന്ദ്രം ലക്ഷ്യമിട്ടുള്ള ആക്രമണം ഉൾപ്പെടെയുള്ള ചിത്രങ്ങളും പോസ്റ്റുകളിൽ ഉണ്ടായിരുന്നതായി അധികൃതർ വ്യക്തമാക്കി.കുവൈത്ത് അമീറിനെയും ഗൾഫ് ഭരണാധികാരികളെയും മറ്റ് അറബ് നേതാക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾക്കൊപ്പം രാജ്യത്തെ അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരായ ആക്രമണങ്ങളെ പിന്തുണയ്ക്കുന്ന സന്ദേശങ്ങളും പ്രതി പങ്കുവെച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
അമീറിന്റെ പദവിയെ അപമാനിക്കൽ, ഗൾഫ് ഭരണാധികാരികളെ അധിക്ഷേപിക്കൽ, മതവിഭാഗങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് മൂന്ന് വർഷത്തെ തടവുശിക്ഷ വിധിച്ചത്.അതേസമയം, അമീറിനെ അപമാനിച്ച മറ്റൊരു കേസിൽ കുവൈത്ത് പൗരന് നേരത്തെ വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ കോടതി റദ്ദാക്കി.
പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചെയ്ത പ്രവൃത്തികൾക്ക് ഉത്തരവാദിയാക്കാൻ കഴിയില്ലെന്നും മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇയാളെ ചികിത്സയ്ക്കായി മാനസികാരോഗ്യ വിഭാഗത്തിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു.മറ്റൊരു കേസിൽ പ്രതിയുടെ മാനസികാരോഗ്യനില പരിശോധിക്കുന്നതിനായി വിദഗ്ധ ഡോക്ടർമാർക്ക് റഫർ ചെയ്യാനും കോടതി നിർദേശിച്ചു.



