കുവൈറ്റ് സിറ്റി: പരമ്പരാഗത മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇടപെടുമ്പോൾ അഭിഭാഷകർ പ്രൊഫഷണൽ പെരുമാറ്റച്ചട്ടങ്ങളും നിയമവൃത്തങ്ങളുടെ മാന്യതയും കർശനമായി പാലിക്കണമെന്ന് കുവൈറ്റ് ലോയേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പൊതുവേദികളിലെയും ഓൺലൈൻ ഇടങ്ങളിലെയും ഇടപെടലുകളിൽ അഭിഭാഷക വൃത്തിയുടെ അന്തസ്സും പവിത്രതയും കാത്തുസൂക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് അസോസിയേഷൻ വ്യക്തമാക്കി.
പ്രത്യേകിച്ച്, ടിക് ടോക്ക് പോലുള്ള സമൂഹമാധ്യമങ്ങളിൽ ലൈവ് ബ്രോഡ്കാസ്റ്റുകൾ ഉപയോഗിച്ച് പ്രശസ്തി നേടാനോ, പരസ്യങ്ങൾ നൽകാനോ, കക്ഷികളെ ആകർഷിക്കാനോ ഉള്ള ശ്രമങ്ങൾ നടത്തരുതെന്ന് അസോസിയേഷൻ കർശനമായി ആവശ്യപ്പെട്ടു. പ്രൊഫഷണൽ ചട്ടങ്ങൾക്കും ധാർമ്മിക നിലവാരങ്ങൾക്കും എതിരായ ഇത്തരം പ്രവൃത്തികളിൽ നിന്ന് അഭിഭാഷകർ വിട്ടുനിൽക്കണം. അതേസമയം, നിയമപരമായ ബോധവൽക്കരണങ്ങളും വിദ്യാഭ്യാസപരമായ ഉള്ളടക്കങ്ങളും പങ്കുവെക്കുന്നത് സ്വാഗതാർഹമാണെന്നും, എന്നാൽ അവ അഭിഭാഷക വൃത്തിയുടെ അന്തസ്സിന് നിരക്കുന്ന രീതിയിലായിരിക്കണമെന്നും അസോസിയേഷൻ ഓർമ്മിപ്പിച്ചു.
ചട്ടങ്ങൾ ലംഘിക്കുന്നവരെ നിരീക്ഷിക്കുന്നതിനും, കുറ്റം തെളിയുന്ന പക്ഷം യാതൊരുവിധ പക്ഷപാതവുമില്ലാതെ അവർക്കെതിരെ നിയമപരവും അച്ചടക്കപരവുമായ നടപടികൾ സ്വീകരിക്കുമെന്നും കുവൈറ്റ് ലോയേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. അഭിഭാഷക തൊഴിലിന്റെ പ്രശസ്തി സംരക്ഷിക്കുന്നതിനും പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്തുന്നതിനുമാണ് ഇത്തരം കർശന നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.



