കുവൈത്ത്സിറ്റി: വിരമിച്ച പൗരന്മാർക്ക് കൂടുതൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വ്യക്തിഗത വായ്പാ ചട്ടങ്ങളിൽ നിർണ്ണായക ഭേദഗതികളുമായി കുവൈറ്റ് സെൻട്രൽ ബാങ്ക്. വിരമിച്ചവരുടെ പ്രതിമാസ വരുമാനത്തിൽ നിന്നും വായ്പാ തിരിച്ചടവിനായി ഈടാക്കാവുന്ന തുകയുടെ പരിധി ശമ്പളത്തിന്റെ 30 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്തിക്കൊണ്ട് സെൻട്രൽ ബാങ്ക് ഉത്തരവിറക്കി. വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സാമ്പത്തിക സമത്വം ഉറപ്പാക്കുന്നതിനും സാമ്പത്തിക ഉൾച്ചേർക്കൽ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പുതിയ തീരുമാനം.
ഉപഭോക്തൃ-ഭവന ആവശ്യങ്ങൾക്കായുള്ള വ്യക്തിഗത വായ്പകൾ, ഫിനാൻസ് ഓപ്പറേഷനുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ നൽകുന്നതിനുള്ള ചട്ടങ്ങളിലും തത്വങ്ങളിലുമാണ് സെൻട്രൽ ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക സർക്കുലർ രാജ്യത്തെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും നിക്ഷേപ, ധനകാര്യ കമ്പനികൾക്കും സെൻട്രൽ ബാങ്ക് അയച്ചുനൽകിയിട്ടുണ്ട്.
പ്രതിമാസ ഗഡുക്കളും അറ്റാദായവും തമ്മിലുള്ള അനുപാതം, ഇൻഷുറൻസ് ഫീസ് ഈടാക്കൽ, വായ്പാ കാലാവധിയിലും ഗഡുക്കളുടെ തുകയിലുമുള്ള മാറ്റങ്ങൾ, വിരമിച്ച ഉപഭോക്താക്കൾക്കായുള്ള കരാർ വ്യവസ്ഥകൾ പുനഃക്രമീകരിക്കൽ, പ്രാദേശിക ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുകളുടെ പരമാവധി പരിധി എന്നിവയുമായി ബന്ധപ്പെട്ട പുതിയ ഭേദഗതികൾ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.



