വാഷിങ്ടണ്‍: അമേരിക്കയില്‍ വൈറ്റ് ഹൗസിന് സമീപം ലോഗന്‍ സര്‍ക്കിളിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വൈറ്റ് ഹൗസില്‍ നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെയാണ് വെടിവെപ്പുണ്ടായ പ്രദേശം. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാള്‍ ഒരു കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുകയാണെന്നും അക്രമിയുള്ള കെട്ടിടം പൊലീസ് വളഞ്ഞതായുമായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാലിയാളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
വെടിവെപ്പുണ്ടായ കൃത്യമായ സ്ഥലങ്ങളും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 15-ാം സ്ട്രീറ്റിലേക്ക് ആളുകള്‍ എത്തരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ സ്‌കൂളുകള്‍ അടച്ചു.
രാവിലെ എട്ട് മണിയോടെ അഞ്ച് തവണ വലിയ ശബ്ദങ്ങള്‍ കേട്ടതായി സമീപവാസികള്‍ പറഞ്ഞു. ആദ്യം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശബ്ദമാണെന്ന് കരുതിയെങ്കിലും പുറത്തേക്ക് നോക്കിയപ്പോള്‍ പ്രദേശമാകെ പൊലീസ് സന്നാഹമെത്തി. തുടര്‍ന്ന് അടുത്തുള്ള അപ്പാര്‍ട്ട്‌മെന്റുകളിലെ താമസക്കാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു.



