കുവൈത്ത് സിറ്റി: തിന്മയുടെ മേൽ നന്മയുടെയും ഇരുട്ടിന്റെ മേൽ വെളിച്ചത്തിന്റെയും വിജയത്തെ പ്രതീകപ്പെടുത്തുന്ന ദീപാവലി, ഇന്ത്യൻ ആർട്സ് ഫെഡറേഷൻ കുവൈത്തിന്റെ (IAF) നേതൃത്വത്തിൽ വഫ്രയിലെ ഫാംഹൗസിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.പ്രസിഡന്റ് ഷെറിൻ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിരവധി കുടുംബങ്ങളും കുട്ടികളും പങ്കുചേർന്നു. ഇന്ത്യൻ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം പകർന്നുനൽകിയ ആഘോഷത്തിന് വിവിധ കലാ-സാംസ്കാരിക പരിപാടികൾ മാറ്റുകൂട്ടി. പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിലും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒന്നിച്ചുചേർത്ത് സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ നിമിഷങ്ങൾ പങ്കിടാൻ ആഘോഷത്തിലൂടെ സാധിച്ചു.
വൈവിധ്യങ്ങളിൽ ഏകത്വം എന്ന ഇന്ത്യൻ സംസ്കാരത്തിന്റെ മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചം എല്ലാവരിലേക്കും എത്തിക്കുകയാണ് ആഘോഷത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷെറിൻ മാത്യു അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.സെക്രട്ടറി ലിയോ കിഴക്കേവീടൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഷിബു പള്ളിക്കൽ ആശംസകൾ നേർന്നു. കൾച്ചറൽ സെക്രട്ടറി നിർമ്മല ദേവി, കോ-ഓർഡിനേറ്റർമാരായ അരവിന്ദ് കൃഷ്ണൻ, ഗ്ലാഡ്സൺ, ഡോ. ജൂബി, കണ്ണൻ ശിവൻ, സുജ ജോൺ, കുര്യാക്കോസ്, ഹരീന്ദ്രൻ, ശില്പ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കൺവീനർ പ്രിയ കണ്ണൻ നന്ദി രേഖപ്പെടുത്തി.



