കുവൈറ്റ് സിറ്റി: രാജ്യത്തെ ബജറ്റ് കമ്മി നികത്തുന്നതിനായി അന്താരാഷ്ട്ര ബാങ്കുകളിൽ നിന്ന് 2,500 കോടി ഡോളർ കുവൈറ്റ് കടമെടുത്തതായി റിപ്പോർട്ട്. ആവർത്തിച്ചുള്ള ചെലവുകൾ നേരിടുന്നതിനായി പ്രതിവർഷം ഏകദേശം 130 കോടി കുവൈറ്റ് ദിനാറിന് തുല്യമായ തുകയാണിത്. ജനസംഖ്യാ വർദ്ധനവ്, സർക്കാർ ചെലവുകളിലെ വർദ്ധനവ്, പുതിയ ഉദ്യോഗാർത്ഥികൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ വിവിധ കാരണങ്ങളാൽ ബജറ്റ് കമ്മി ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഭരണഘടന അനുശാസിക്കുന്ന പ്രകാരം പൗരന്മാർക്ക് ഉചിതമായ പാർപ്പിട സൗകര്യവും തൊഴിലും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. എണ്ണവരുമാനത്തിന്റെ വിതരണം ഉറപ്പാക്കിക്കൊണ്ട് പൗരന്മാരോടുള്ള ബാധ്യതകൾ നിറവേറ്റുന്നതിനായി വായ്പയെടുക്കൽ ഇനിയും വർഷം തോറും വർദ്ധിക്കാനാണ് സാധ്യത. എന്നാൽ ഇത്തരം കടങ്ങൾ പൂർണ്ണമായി തിരിച്ചടയ്ക്കുന്നതിന് പകരം, കാലാനുസൃതമായ പലിശ നൽകിക്കൊണ്ടുള്ള ദീർഘകാല വായ്പാ തന്ത്രങ്ങളാണ് രാജ്യം സ്വീകരിക്കുന്നത്. രാജ്യത്തിന്റെ വിദേശ ആസ്തികൾ വിറ്റഴിക്കുന്നതിന് പകരം ഇത്തരം സാമ്പത്തിക തന്ത്രങ്ങൾ വഴി കടബാധ്യതകൾ ക്രമേണ കുറച്ചുകൊണ്ടുവരാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോകത്തിലെ ആദ്യത്തെ ഫ്യൂച്ചർ ജനറേഷൻസ് ഫണ്ട് സ്ഥാപിച്ച രാജ്യമാണ് കുവൈറ്റ് എന്നതിനാൽ സോവറീൻ വെൽത്ത് മാനേജ്മെന്റിൽ വലിയ അനുഭവസമ്പത്തുള്ള രാജ്യത്തിന് ഇത്തരം സാമ്പത്തിക നീക്കങ്ങൾ പുതിയതല്ല.കടുത്ത സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിലും ഭാവി തലമുറയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഈ ഫണ്ട് നിലനിർത്തിപ്പോരാൻ കുവൈറ്റിന് കഴിഞ്ഞിട്ടുണ്ട്. അതിനാൽ ഭാവി തലമുറയുടെ ഫണ്ടിൽ നിന്നുള്ള ആസ്തികൾ വിറ്റഴിക്കുന്നത് എളുപ്പമുള്ള ഒരു പരിഹാരമായി കാണാനാകില്ല. ലഭ്യമായ മറ്റ് മാർഗ്ഗങ്ങൾ കൂടുതൽ ചെലവേറിയതാകുമ്പോൾ മാത്രമെ അത്തരം തീരുമാനങ്ങളിലേക്ക് കടക്കേണ്ടതുള്ളൂ.
ഹ്രസ്വകാല വായ്പകൾക്ക് പകരം ദീർഘകാല വായ്പകൾ തിരഞ്ഞെടുക്കുന്നതിലൂടെ സ്ഥിരമായുള്ള പൊതുജന ശ്രദ്ധ ഒഴിവാക്കാനും സർക്കാരിന് സാധിക്കുന്നു. വിദേശ നിക്ഷേപങ്ങൾ സുരക്ഷിതമായി നിലനിർത്തിക്കൊണ്ട് തന്നെ വായ്പയെടുക്കൽ നടപടികളുമായി മുന്നോട്ടുപോകാനാണ് കുവൈറ്റ് ലക്ഷ്യമിടുന്നത്. അതേസമയം, വാർഷിക പൊതുചലവുകൾ വെട്ടിക്കുറയ്ക്കുക എന്നത് സർക്കാരിന് എളുപ്പത്തിൽ നടപ്പിലാക്കാൻ കഴിയാത്ത ഒരു യാഥാർത്ഥ്യമായി തുടരുകയാണ്.



