കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബർ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കുവൈത്ത് പൗരനെ അറസ്റ്റ് ചെയ്തു. 1992ൽ ജനിച്ച യുവാവാണ് അറസ്റ്റിലായത്. ആക്രമണത്തിൽ പരിക്കേറ്റ സുരക്ഷാ ജീവനക്കാരന്റെ മുറിവിൽ ഒമ്പത് തുന്നലുകൾ ഇടേണ്ടിവന്നു.മെഡിക്കൽ റിപ്പോർട്ട് വാങ്ങുന്നതിനായി ആശുപത്രിയിലെത്തിയ യുവാവ് റിപ്പോർട്ട് വേഗത്തിൽ നൽകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. ആശുപത്രിയിലെ മെഡിക്കൽ ജീവനക്കാരോടും ഇയാൾ മോശമായി പെരുമാറിയതായി റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് റിപ്പോർട്ട് വാങ്ങുന്നതിനായി ആശുപത്രിയിലെ സുരക്ഷാ വിഭാഗത്തിലെത്തിയ യുവാവ് അവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനോട് കയർക്കുകയും അസഭ്യം പറയുകയും ചെയ്തു. ശബ്ദം താഴ്ത്തി സംസാരിക്കാൻ സുരക്ഷാ ജീവനക്കാരൻ ആവശ്യപ്പെട്ടതോടെ പ്രകോപിതനായ യുവാവ് യൂണിഫോം അഴിച്ചുവെച്ച് പുറത്തേക്ക് വരാൻ വെല്ലുവിളിക്കുകയായിരുന്നു.
ഇതിനിടെ കസേരയിൽനിന്ന് എഴുന്നേറ്റ സുരക്ഷാ ജീവനക്കാരനെ യുവാവ് ഇരുകൈകളും ഉപയോഗിച്ച് ശക്തമായി തള്ളിയെന്നാണ് പരാതി. പിന്നിലേക്ക് വീണ ജീവനക്കാരൻ സമീപത്തുണ്ടായിരുന്ന ഗ്ലാസ് അലമാരയിൽ ഇടിക്കുകയും ചില്ലുകൾ തകർന്ന് ശരീരത്തിൽ മുറിവേൽക്കുകയും ചെയ്തു. പരിക്കുകൾക്ക് ഒമ്പത് തുന്നലുകൾ വേണ്ടിവന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് സുരക്ഷാ ജീവനക്കാർ ഉടൻ ഇടപെട്ട് യുവാവിനെ കീഴടക്കി അറസ്റ്റ് ചെയ്തു. പരിക്കേറ്റ ജീവനക്കാരന് ആശുപത്രിയിൽ ചികിത്സ നൽകി.സംഭവത്തിൽ അറസ്റ്റിലായ കുവൈത്ത് പൗരനെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.



