കുവൈത്ത് സിറ്റി, നവംബർ 15: കുവൈത്തിലെ കബ്ദ് മേഖലയിൽ വാഹനത്തിൽ അനധികൃതമായി കടത്തുകയായിരുന്ന 79 വിദേശ മദ്യക്കുപ്പികളുമായി 50 വയസ്സുകാരനായ കുവൈത്ത് സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജഹ്റ സുരക്ഷാ പട്രോളിങ് വിഭാഗം നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്.
ബർ കബ്ദ് മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് നാലുചക്ര വാഹനം തടഞ്ഞുനിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പൊലീസിന്റെ നിർദേശം അവഗണിച്ച ഡ്രൈവർ വാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ചു.
തുടർന്ന് പൊലീസ് വാഹനത്തെ പിന്തുടർന്ന് തടഞ്ഞുനിർത്തുകയായിരുന്നു. അറസ്റ്റ് ചെയ്യുന്നതിനിടെ ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് കീഴടക്കി കസ്റ്റഡിയിലെടുത്തു.തുടർന്ന് വാഹനത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ഒളിപ്പിച്ച നിലയിൽ 79 കുപ്പി വിദേശമദ്യം കണ്ടെത്തിയത്.പിടിയിലായ കുവൈത്ത് സ്വദേശിയെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.



