കുവൈറ്റ് സിറ്റി: താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ചവർക്കും സ്വകാര്യ പാർപ്പിട മേഖലകളിലെ അനധികൃത വ്യാപാര പ്രവർത്തനങ്ങൾക്കുമെതിരെ കുവൈറ്റ് സുരക്ഷാ വിഭാഗം നടത്തിയ സംയുക്ത പരിശോധനയിൽ 23 പേർ അറസ്റ്റിലായി. അൽ-ജഹ്റ, ക്യാപിറ്റൽ ഗവർണറേറ്റുകളിലെ ബാച്ചിലർ താമസകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ രണ്ട് പ്രത്യേക സുരക്ഷാ കാമ്പെയ്നുകളിലാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി ഡയറക്ടറേറ്റ്സ് അഫയേഴ്സ് സെക്ടർ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം, കുവൈറ്റ് മുനിസിപ്പാലിറ്റി, വൈദ്യുതി-ജല മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്നിവർ സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
പ്രധാന നടപടികൾഅനധികൃതമായി പലചരക്ക് കടകളും ഭക്ഷണ നിർമ്മാണ കേന്ദ്രങ്ങളും പ്രവർത്തിച്ചിരുന്ന 5 വീടുകൾ അധികൃതർ അടച്ചുപൂട്ടി (സീൽ ചെയ്തു).താമസ-തൊഴിൽ നിയമലംഘനങ്ങൾക്ക് 23 പേരെ അറസ്റ്റ് ചെയ്തു.
സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയ 12 പേരും, താമസരേഖയുടെ (ഇഖാമ) കാലാവധി കഴിഞ്ഞ 4 പേരും പിടിയിലായി.ക്രിമിനൽ കേസുകളിൽ പ്രതികളായ 3 പേരെ പിടികൂടി.രേഖകളില്ലാതെ വാഹനമോടിച്ചതിന് 19 ഗതാഗത നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്തു.നിയമലംഘനം നടത്തിയ 4 കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ നിർദ്ദേശം നൽകി; ഇതിലൊന്നിൽ നിന്ന് അനധികൃതമായി ജോലി ചെയ്തിരുന്ന ഇലക്ട്രീഷ്യനെ പിടികൂടി.
ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾക്കും പഴകിയ ഭക്ഷണം സൂക്ഷിച്ചതിനും 38 മുന്നറിയിപ്പുകളും, മുനിസിപ്പാലിറ്റി നിയമലംഘനങ്ങൾക്ക് 9 കേസുകളും 4 മുന്നറിയിപ്പുകളും നൽകി.വിവിധ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിൽ ആകെ 187 നിയമനടപടികളാണ് ഈ രണ്ട് പരിശോധനകളിലുമായി സ്വീകരിച്ചത്. പിടിയിലായവർക്കെതിരെ അതത് വകുപ്പുകൾ നിയമനടപടികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



