കുവൈത്ത് സിറ്റി: ചെടികളിൽ നിന്നുള്ള സത്തയും ഹെയർ ഷാംപൂവും എന്ന വ്യാജേന വിമാനമാർഗം കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 12.255 കിലോഗ്രാം മയക്കുമരുന്നെന്ന് സംശയിക്കുന്ന ദ്രാവകം കസ്റ്റംസ് അധികൃതർ പിടികൂടി. രണ്ട് വ്യത്യസ്ത പാർസലുകളിലായി എത്തിച്ച 22 കുപ്പികളാണ് എയർ കാർഗോ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
വിദേശത്തുനിന്നെത്തിയ തപാൽ പാർസലുകളിൽ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് രണ്ട് പാക്കേജുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ‘കെമിക്കൽ’ എന്നറിയപ്പെടുന്ന സിന്തറ്റിക് മയക്കുമരുന്നെന്ന് സംശയിക്കുന്ന ദ്രാവകം കണ്ടെത്തിയത്.ആദ്യത്തെ പാർസൽ ചെടികളിൽ നിന്നുള്ള സത്ത് എന്ന പേരിലാണ് അയച്ചിരുന്നത്. ഇതിൽ 6.700 കിലോഗ്രാം ഭാരമുള്ള 12 കുപ്പികളാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ പാർസലിൽ ഹെയർ ഷാംപൂ എന്ന ലേബൽ പതിച്ച 10 കുപ്പികളിലായി 5.555 കിലോഗ്രാം ദ്രാവകവും കണ്ടെത്തി.
കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഓഫീസും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മയക്കുമരുന്ന് നിയന്ത്രണ വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് രണ്ട് പാർസലുകളുമായി ബന്ധപ്പെട്ട രണ്ടുപേരെ പിടികൂടിയത്.രണ്ട് സംഭവങ്ങളിലും പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കൾ തുടർ പരിശോധനകൾക്കും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
മയക്കുമരുന്ന് കടത്ത് തടയുന്നതിനായി രാജ്യത്തെ വിമാനത്താവളങ്ങളിലും ചരക്ക് പരിശോധനാ കേന്ദ്രങ്ങളിലും കസ്റ്റംസ് വിഭാഗം നടത്തുന്ന നിരീക്ഷണത്തിനിടെയാണ് പുതിയ കണ്ടെത്തൽ.പരിശോധനയിൽ പിടിച്ചെടുത്ത ദ്രാവകം മയക്കുമരുന്നാണെന്ന സംശയമാണ് അധികൃതർ ഉന്നയിച്ചിട്ടുള്ളത്. ഇതിന്റെ രാസഘടന സംബന്ധിച്ച അന്തിമ പരിശോധനാഫലം പുറത്തുവന്നിട്ടില്ല.



