കുവൈത്ത് സിറ്റി: ഡിസംബറിൽ ദുബായിൽ നടക്കുന്ന നാലാമത് ഇന്റർനാഷണൽ ഫെഡറേഷൻ ഫാൽക്കൺ സ്പോർട്സ് ആൻഡ് റേസിംഗ് കപ്പ് മത്സരത്തിൽ പങ്കെടുക്കാനുള്ള കുവൈത്ത് ടീമിനെ തിരഞ്ഞെടുത്തു. രാജ്യത്തെ പ്രമുഖ ഫാൽക്കൺ പരിശീലകരും മത്സരാർത്ഥികളും പങ്കെടുത്ത യോഗ്യതാ മത്സരത്തിലൂടെയാണ് ടീമിനെ നിശ്ചയിച്ചത്.
കുവൈത്തിലെ പരമ്പരാഗത കായിക വിനോദമായ ഫാൽക്കൺ റേസിംഗിന് കൂടുതൽ പ്രചാരം നൽകുന്നതിനും അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനുമാണ് യോഗ്യതാ മത്സരം സംഘടിപ്പിച്ചതെന്ന് കുവൈത്ത് ഫാൽക്കണറി ആൻഡ് ട്രഡീഷണൽ ഗെയിംസ് അസോസിയേഷൻ ചെയർമാനും അന്താരാഷ്ട്ര ഫാൽക്കൺ ഫെഡറേഷൻ അംഗവുമായ സൈഫ് അൽ ഷലാഹി അറിയിച്ചു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് ആറ് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. ജിർ പ്യൂർ, ഖർമൂഷ, ജിർ ഷഹീൻ, ഹുർ, ബഹർ, ഷഹീൻ എന്നീ വിഭാഗങ്ങളിൽപ്പെട്ട, അംഗീകൃത ഫാമുകളിൽ വളർത്തിയതും നിയമാനുസൃത അനുമതിയുള്ളതുമായ ഫാൽക്കണുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയത്.300 മീറ്റർ ദൂരത്തിലാണ് മത്സരങ്ങൾ നടന്നത്. നിശ്ചിത ദൂരത്തിൽ ഇരയുടെ അടുത്തേക്ക് ഏറ്റവും വേഗത്തിൽ എത്തുന്ന ഫാൽക്കണുകളെയാണ് വിജയികളായി തിരഞ്ഞെടുക്കുന്നത്. ഇതിനായി പരിശീലകർ തങ്ങളുടെ പക്ഷികൾക്ക് ദീർഘകാല പരിശീലനമാണ് നൽകിയിരുന്നത്.
അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ച കുവൈത്തിലെ ഒട്ടകയോട്ട ക്ലബ് മൈതാനത്താണ് പരിശീലനവും യോഗ്യതാ മത്സരങ്ങളും നടന്നത്. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കായി സമ്മാനങ്ങളും ഏർപ്പെടുത്തിയിരുന്നു. യുവാക്കളെയും കുട്ടികളെയും ഫാൽക്കൺ റേസിംഗിലേക്ക് ആകർഷിക്കുന്നതിനും ഗൾഫ് മേഖലയിലെ പരമ്പരാഗത കായിക പൈതൃകം വരുംതലമുറകളിലേക്ക് കൈമാറുന്നതിനും അസോസിയേഷൻ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്ന് സൈഫ് അൽ ഷലാഹി വ്യക്തമാക്കി.
കഴിഞ്ഞ വർഷം കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്റെ നിർദേശപ്രകാരം രാജ്യത്ത് വലിയ അന്താരാഷ്ട്ര ഫാൽക്കൺ റേസിംഗ് മത്സരം സംഘടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.ദുബായിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ കുവൈത്തിനെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ തിരഞ്ഞെടുക്കപ്പെട്ട ടീമിന് സാധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.



