കുവൈറ്റ് സിറ്റി: സുരക്ഷാ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി പണം കവർന്ന കേസിൽ ഗൾഫ് പൗരനെ കുവൈറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അജ്ഞാതനായ ഒരാൾ സുരക്ഷാ ഉദ്യോഗസ്ഥനെന്ന വ്യാജേന തന്നെ തടഞ്ഞുനിർത്തി പണം തട്ടിയെടുത്തതായി ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
സംഭവസ്ഥലത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സുരക്ഷാ ക്യാമറകളുടെ സഹായത്തോടെ പ്രതി ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ ഊർജ്ജിതമായ തെരച്ചിലിലാണ് പ്രതി വലയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തുടർനിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.



