കുവൈത്ത് സിറ്റി: കുവൈത്തിൽ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രവാസി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർന്ന കേസിൽ രണ്ട് സിറിയൻ പൗരന്മാരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. കഴിഞ്ഞ 72 മണിക്കൂറിനിടെ നടന്ന 11 ആയുധ കവർച്ചക്കേസുകളിലാണ് പ്രതികൾ പിടിയിലായത്. സംഘത്തിലെ മൂന്നാമനായ സിറിയൻ പൗരനുവേണ്ടി പോലീസ് തിരച്ചിൽ തുടരുകയാണ്.
ജിലീബ് അൽ ഷുയൂഖ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രധാനമായും സെൻട്രൽ മാർക്കറ്റുകളിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. അർധരാത്രിക്കുശേഷം ജോലി കഴിഞ്ഞ് താമസസ്ഥലങ്ങളിലേക്കുള്ള ബസുകൾ കാത്തുനിൽക്കുന്ന തൊഴിലാളികളെയാണ് പ്രതികൾ ആക്രമിച്ചിരുന്നത്.മാർക്കറ്റുകൾക്ക് സമീപം പാർക്ക് ചെയ്ത വാഹനങ്ങൾക്കിടയിൽ ഒളിച്ചിരുന്ന പ്രതികൾ, തങ്ങൾ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി തൊഴിലാളികളെ സമീപിക്കുകയായിരുന്നു. തുടർന്ന് തിരിച്ചറിയൽ രേഖകളും കൈവശമുള്ള സാധനങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും വാളും കത്തികളും കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും തട്ടിയെടുക്കുകയുമായിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നിരവധി പ്രവാസി തൊഴിലാളികൾ കവർച്ച സംബന്ധിച്ച് പരാതി നൽകിയതോടെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. കവർച്ച നടന്ന മാർക്കറ്റുകളുടെ പരിസരങ്ങളിൽ പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തി.പുലർച്ചെ രണ്ടരയോടെ ഒരു മാർക്കറ്റിലെ തൊഴിലാളികൾ വീണ്ടും കവർച്ചയ്ക്കിരയായെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി. വാഹനത്തിനടിയിൽ ഒളിച്ചിരുന്ന ഒരു പ്രതിയെ പിടികൂടിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച രണ്ടാമനെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിനിടെ പ്രതികൾ ശക്തമായി ചെറുത്തുനിന്നതിനെ തുടർന്ന് ഒരു അന്വേഷണ ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും പോലീസ് പട്രോളിംഗ് വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.പ്രതികളിൽ ഒരാളുടെ കൈവശം വാളും മറ്റൊരാളിൽ നിന്ന് രണ്ട് കത്തികളും പോലീസ് പിടിച്ചെടുത്തു. കവർച്ചയിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന പണവും പോലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്താൻ ഉപയോഗിച്ച വ്യാജ തിരിച്ചറിയൽ കാർഡുകളും കണ്ടെടുത്തു.
കവർച്ചയ്ക്കിരയായ തൊഴിലാളികളിലൊരാൾ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. തൊഴിലാളികളെ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായക തെളിവായി.
ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റകൃത്യങ്ങളിൽ പങ്കുള്ളതായി സമ്മതിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഒളിവിലുള്ള മൂന്നാമത്തെ കൂട്ടാളിയെക്കുറിച്ചുള്ള വിവരങ്ങളും പ്രതികൾ പോലീസിന് കൈമാറിയിട്ടുണ്ട്. മോഷ്ടിച്ച സാധനങ്ങളിൽ ചിലത് പോലീസ് വീണ്ടെടുത്തു.പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന കുറ്റകൃത്യങ്ങൾ നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.



