കുവൈറ്റ് സിറ്റി: കുവൈറ്റിലെ മിന അബ്‍ദുള്ള വ്യവസായ മേഖലയിൽ അനധികൃതമായി മദ്യം നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്ത കേസിൽ ഒരു ഇന്ത്യക്കാരനും മൂന്ന് നേപ്പാൾ സ്വദേശികളും ഉൾപ്പെടെ നാല് ഏഷ്യൻ പ്രവാസികളെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
മദ്യലഹരിയിലായിരുന്ന പ്രതികളെ സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടി ചോദ്യം ചെയ്തതോടെയാണ് വ്യവസായ മേഖലയിലെ രഹസ്യ മദ്യനിർമ്മാണ കേന്ദ്രത്തിലേക്ക് അന്വേഷണം എത്തിയത്. പ്രവർത്തനരഹിതമായ ഒരു ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യനിർമ്മാണശാലയും സംഭരണകേന്ദ്രവും പ്രവർത്തിച്ചിരുന്നത്.
പിടിച്ചെടുത്തവ* 1.5 ലിറ്റർ വീതം കൊള്ളുന്ന 194 കുപ്പി വ്യാജമദ്യം (ആകെ 291 ലിറ്റർ).* മദ്യം നിറച്ച ഒരു ബാരൽ ഉൾപ്പെടെ വിവിധ വലിപ്പത്തിലുള്ള 5 ബാരലുകൾ.* കുപ്പികളിൽ മദ്യം നിറയ്ക്കാൻ ഉപയോഗിക്കുന്ന 3 സിറിഞ്ചുകൾ.* മദ്യക്കുപ്പികൾ നിറച്ച 28 ബാഗുകൾ.അറസ്റ്റിലായ നാല് പ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും തുടർനിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി രാജ്യത്തുടനീളം ശക്തമായ പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



