HomeGULFമനുഷ്യനേക്കാൾ എട്ടിരട്ടി കാഴ്ചശക്തി; കുവൈത്തിൽ അപൂർവ ദേശാടന വേട്ടപ്പക്ഷിയെ കണ്ടെത്തി

മനുഷ്യനേക്കാൾ എട്ടിരട്ടി കാഴ്ചശക്തി; കുവൈത്തിൽ അപൂർവ ദേശാടന വേട്ടപ്പക്ഷിയെ കണ്ടെത്തി

spot_img

കുവൈത്ത് സിറ്റി: മനുഷ്യനേക്കാൾ എട്ടിരട്ടി കാഴ്ചശക്തിയുള്ള ഏഷ്യൻ സ്പാരോഹോക്ക് എന്ന ദേശാടന വേട്ടപ്പക്ഷിയെ കുവൈത്തിലെ അൽ അബ്രഖ് ഫാമിൽ കണ്ടെത്തി. വന്യജീവി നിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ മിഷാൽ അൽ സൈഫാണ് ‘അൽ ബൈദഖ്’ എന്നറിയപ്പെടുന്ന ഈ പക്ഷിയെ കണ്ടെത്തി ചിത്രങ്ങൾ പകർത്തിയത്.

പരുന്തുവർഗത്തിൽപ്പെടുന്ന ചെറിയ വേട്ടപ്പക്ഷിയായ ഏഷ്യൻ സ്പാരോഹോക്ക് പ്രധാനമായും ശരത്കാലത്താണ് കുവൈത്തിലെത്തുന്നത്. ചെറിയ വൃത്താകൃതിയിലുള്ള ചിറകുകളും നീളമുള്ള വാലുമാണ് ഇതിന്റെ പ്രത്യേകത. മരങ്ങൾക്കും ഇടതൂർന്ന ശാഖകൾക്കുമിടയിലൂടെ അതിവേഗം പറക്കാനും പെട്ടെന്ന് ദിശമാറ്റാനും ഈ ശരീരഘടന സഹായിക്കുന്നു.

അസാധാരണമായ കാഴ്ചശക്തിയാണ് ഈ പക്ഷിയുടെ ഏറ്റവും വലിയ സവിശേഷതയെന്ന് മിഷാൽ അൽ സൈഫ് വ്യക്തമാക്കി. മനുഷ്യനേക്കാൾ ഏകദേശം എട്ടിരട്ടി കാഴ്ചശക്തിയുള്ള ഈ പക്ഷിക്ക് ദൂരെയുള്ള ചെറിയ ജീവികളെപ്പോലും തിരിച്ചറിയാൻ കഴിയും. പ്രായപൂർത്തിയായ ആൺപക്ഷികൾക്ക് കടുംചുവപ്പ് നിറത്തിലുള്ള കണ്ണുകളാണുള്ളത്. പെൺപക്ഷികളുടെ കണ്ണുകൾക്ക് ഓറഞ്ച് കലർന്ന മഞ്ഞനിറമാണ്.ചെറിയ പക്ഷികൾ, പല്ലികൾ, വലിയ പ്രാണികൾ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഇരകൾ. മരക്കൊമ്പുകൾക്കിടയിൽ അനങ്ങാതെ ഒളിച്ചിരുന്ന് ഇരയെ നിരീക്ഷിക്കുന്ന പക്ഷി, അനുയോജ്യമായ അവസരത്തിൽ മിന്നൽവേഗത്തിൽ ആക്രമിക്കുകയാണ് ചെയ്യുന്നത്.

തുറസ്സായ സ്ഥലങ്ങളിൽ ഇരയെ ദീർഘദൂരം പിന്തുടരുന്നതിനുപകരം മറഞ്ഞിരുന്ന് അപ്രതീക്ഷിതമായി ആക്രമിക്കുന്നതാണ് ഇവയുടെ വേട്ടയാടൽ രീതി. അതിവേഗത്തിലുള്ള പറക്കലും കൃത്യമായ ആക്രമണശേഷിയും ഈ പക്ഷിയെ മികച്ച വേട്ടക്കാരനാക്കുന്നു.കുവൈത്തിലൂടെയുള്ള ദേശാടന യാത്രയ്ക്കിടെ അൽ അബ്രഖ് ഫാമിൽ വിശ്രമിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന പക്ഷിയുടെ ചിത്രങ്ങളും മിഷാൽ അൽ സൈഫ് പകർത്തിയിട്ടുണ്ട്. കുവൈത്തിലെ ദേശാടന പക്ഷികളുടെ സാന്നിധ്യം രേഖപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ കണ്ടെത്തലാണിത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!